ഓടിത്തുടങ്ങുമോ സിറ്റി സർക്കുലർ, മോടികൂട്ടിയ ബസുകൾക്ക് മഴനനയാൻ വിധി

Thursday 11 November 2021 2:22 AM IST

തിരുവനന്തപുരം: നഗരത്തിലെ യാത്രാക്ളേശത്തിന് പരിഹാരമായി പ്രഖ്യാപിച്ച സിറ്രി സർക്കുലർ യാഥാർത്ഥ്യമാകാൻ കടമ്പകളേറെ. ബസുകളുടെ മൂന്നാം ട്രയൽ റൺ നീളുന്നതും റൂട്ടുകൾ പുനക്രമീകരിക്കാൻ വൈകുന്നതുമാണ് നിലവിൽ തടസമായിരിക്കുന്നത്. ഇതോടെ സർവീസിനായി പെയിന്റ് ചെയ്ത് വൃത്തിയാക്കിയ എഴുപതിലധികം വാഹനങ്ങൾക്ക് വിവി‌ധ ഡിപ്പോകളിൽ മഴയും വെയിലുമേൽക്കാനാണ് വിധി.

ബസുകളുടെ മൂന്നാം ട്രയ‍ൽ റൺ ജീവനക്കാരുടെ പണിമുടക്ക്,​ ചക്രസ്തംഭന സമരം എന്നിവ കാരണം തുടർച്ചയായി രണ്ടുദിവസം തടസപ്പെട്ടിരുന്നു. 12ന് രാവിലെ 8 മുതൽ 10 വരെ മൂന്നാം ട്രയൽ റൺ നടത്താനാണ് പുതിയ തീരുമാനം. ഇത് പൂർത്തിയാക്കുന്നതിനൊപ്പം സർക്കുലർ സർവീസുകളുടെ റൂട്ടുകളിൽ ചില പുനക്രമീകരണവും അധികൃതരുടെ ആലോചനയിലുണ്ട്.

റൂട്ടുകളിൽ മാറ്റം വരുത്തും

ജൻറം ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ചെറിയ റോഡുകളിലൂടെ ഇവയ്ക്ക് കടന്നുപോകാൻ (വിശേഷിച്ച് ഓഫീസ് സമയങ്ങളിൽ)​ ബുദ്ധിമുട്ടാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം. ഇത് കണക്കിലെടുത്ത് ചില റൂട്ടുകളിൽ മാറ്റം വരുത്താൻ ആലോചിക്കുന്നുണ്ട്. റൂട്ട് തീരുമാനിച്ചശേഷം ഇവിടങ്ങളിൽ വാഹന പാർക്കിംഗിനുള്ള നിയന്ത്രണവും നടപ്പാക്കേണ്ടതുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിലെ വിവിധ റോഡുകൾ കേബിൾ തുരങ്കനിർമ്മാണത്തിനായി അടച്ചിട്ടുണ്ട്. കൂടുതൽ റോഡുകൾ വരും ദിവസങ്ങളിൽ അടയ്ക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് റൂട്ടുകൾ പരിഷ്കരിക്കാനാണ് ആലോചിക്കുന്നത്.

സർവീസിന് 76 ബസുകൾ

116 ബസുകളാണ് നേരത്തെ സർവീസിനായി തീരുമാനിച്ചതെങ്കിലും 76 ബസുകളാണ് നിലവിൽ തയ്യാറായിട്ടുള്ളത്. നഗരത്തിലെ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ചാണ്‌ സർവീസ്‌. പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ എത്താതെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിൽ ഏഴ് റൂട്ടുകളിലാണ്‌ ആദ്യഘട്ടം സർവീസ്‌ നടത്തുക.

പത്ത് മിനിട്ട് ഇടവേള മാത്രം

ഓരോ സ്‌റ്റോപ്പിലും പത്ത്‌ മിനിറ്റിനുള്ളിൽ ഇരുവശത്തേക്കും ബസുകൾ വരുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. പത്ത്‌ രൂപയാണ് മിനിമം നിരക്ക്. ഒരു പരീക്ഷണ ഓട്ടം കൂടി നടത്തിയ ശേഷം അന്തിമ ഷെഡ്യൂൾ തയ്യാറാക്കും. പ്രധാന സ്‌റ്റോപ്പുകൾ ബസിന്റെ വശങ്ങളിൽ പതിപ്പിച്ചും. ഓരോ റൂട്ടിനും വൈലറ്റ്, മഞ്ഞ, ബ്രൗൺ, ചുവപ്പ്, മജന്ത, ഓറഞ്ച് എന്നിങ്ങനെ കളർകോഡ് നൽകിയുമാണ് സർക്കുലർ സർവീസ് നടത്തുക.

Advertisement
Advertisement