കരുവന്നൂർ തട്ടിപ്പ് : ഒളിവിലുള്ള നാലാം പ്രതി മറ്റു ബാങ്കുകളിൽ നിന്നും കോടികൾ തട്ടി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇടനിലക്കാരനും ഒളിവിലുളള നാലാം പ്രതിയുമായ കിരണിന് മറ്റു ബാങ്കുകളിലും വായ്പകളുണ്ടായിരുന്നതായി വിവരം. ഇരിങ്ങാലക്കുട, കയ്പമംഗലം മേഖലകളിലെ സ്വകാര്യ ബാങ്ക് ശാഖകളിലായി 5 കോടിയോളം രൂപ കിരൺ വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടത്രെ. ക്രൈം ബ്രാഞ്ച് ഇത് സ്ഥിരീകരിച്ചിട്ടില്ല. കരുവന്നൂർ കേസിലെ മുഖ്യപ്രതികളെല്ലാം കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തിരുന്നെങ്കിലും കിരണിനെ കണ്ടെത്താനായിട്ടില്ല. ആന്ധ്രാപ്രദേശിൽ കിരൺ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തട്ടിപ്പുകളുടെ ആസൂത്രണത്തിലെ പ്രധാന കണ്ണിയായ കിരൺ ബിനാമി വായ്പകൾ വഴി 23 കോടി തട്ടിയെടുത്തെന്നാണ് കേസ്. വ്യാജരേഖകൾ സമർപ്പിച്ചും വായ്പാത്തട്ടിപ്പ് നടത്തിയിരുന്നു. കിരൺ രാജ്യം വിട്ടെന്നായിരുന്നു ആദ്യം പ്രചാരണം. എന്നാൽ കൊച്ചിയിലെത്തി കിരൺ മടങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. കരുവന്നൂർ തട്ടിപ്പുമാതൃകയിൽ മറ്റു ബാങ്കുകളിലും വ്യാജരേഖകൾ സമർപ്പിച്ച് വായ്പകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കരുവന്നൂർ ബാങ്കിലെ കമ്മിഷൻ ഏജന്റുമാരിൽ ഒരാൾ മാത്രമായ കിരണിന്റെ അക്കൗണ്ടിലൂടെ കോടികൾ കൈമറിഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നിക്ഷേപകർക്ക് പലിശയില്ലെന്ന് പരാതി കരുവന്നൂർ ബാങ്കിൽ വായ്പ അടച്ചുതീർക്കുന്നവരിൽ നിന്ന് പിഴയും പിഴപ്പലിശയും ബാങ്ക് ഈടാക്കുന്നുണ്ടെങ്കിലും നിക്ഷേപകർക്കു നിയമാനുസൃതമുള്ള പലിശ പോലും നൽകുന്നില്ലെന്ന് പരാതി. വായ്പയെടുത്തവർ അടച്ചു തീർക്കാനെത്തിയാൽ വായ്പ എടുത്ത ദിവസം മുതലുള്ള പിഴപ്പലിശ ഈടാക്കുന്നുവെന്നാണ് ആക്ഷേപം. സ്ഥിര നിക്ഷേപം പുതുക്കാനോ പലിശ വാങ്ങാനോ എത്തുന്നവർക്കു സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പണം കൊടുക്കുന്നുമില്ലെന്ന് പറയുന്നു. പൊതുപ്രവർത്തകൻ ടി.കെ. ഷാജു മന്ത്രി വി.എൻ. വാസവന് ഇതുസംബന്ധിച്ച് പരാതി അയച്ചു.