ഗോരഖ്പൂർ ശിശു മരണം ; ഡോ. കഫീൽഖാനെ പിരിച്ചുവിട്ടു

Friday 12 November 2021 12:13 AM IST

ന്യൂഡൽഹി:ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ 2017ൽ ഓക്സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ചതിൽ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കഫീൽഖാനെ ഉത്തർപ്രദേശ് സർക്കാർ പിരിച്ചു വിട്ടു.

സംഭവത്തിൽ കഫീൽഖാനെ സസ്‌പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് എട്ട് മാസം ജയിലിൽ അടയ്‌ക്കുകയും ചെയ്തിരുന്നു. ഓക്സിജൻ സിലിണ്ടർ ക്ഷാമം മൂലം പ്രാണവായു ലഭിക്കാതെ മരണത്തോട് മല്ലിട്ട കുട്ടികൾക്ക് സ്വന്തം പണം ചെലവാക്കി കഫീൽഖാൻ ഒാക്സിജൻ എത്തിച്ചതായി യു.പി പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പരാതിപ്പെട്ടതിന് പുറത്താക്കി

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണിത്. ഇവിടെ ശിശുമരണങ്ങൾ തുടർകഥയാണെന്നിരിക്കെയാണ് 2017ലെ ദുരന്തം. ആഗസ്റ്റ് 10ന് 63 കുട്ടികൾ മരിച്ചു. മലമ്പനി, ജപ്പാൻ ജ്വരം, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തിയ കുട്ടികൾ ഓക്സിജൻ ലഭിക്കാതെയാണ് മരിക്കുന്നതെന്ന് കഫീൽഖാൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വന്തം പണം ചെലവിട്ട് ഓക്സിജൻ സിലിണ്ടർ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആ വർഷം 1,250 കുട്ടികളാണ് ആശുപത്രിയിൽ മരിച്ചത്.

ഇതോടെ സർക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. മുഖം രക്ഷിക്കാനായി ഡോക്ടറുടെ അനാസ്ഥയാണ് ശിശുമരണത്തിന് കാരണമെന്ന് ആരോപിച്ച് ഡോക്ടറെ പുറത്താക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ,​ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഫീൽഖാൻ നടത്തിയ ശ്രമങ്ങളെ പ്രകീർത്തിച്ചിരുന്നു.

2019 ഒക്ടോബറിൽ കഫീൽഖാനെതിരെ യു.പി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരെ കഫീൽ അലഹാബാദ് കോടതിയെ സമീപിക്കുകയും കോടതി അന്വേഷണം തടയുകയും ചെയ്‌തു. 2020 ഫെബ്രുവരി 24ന് യു.പി സർക്കാർ പുനരന്വേഷണം ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ.
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിന് ദേശീയ സുരക്ഷാനിയമം പ്രകാരം കഫീൽഖാനെ യു.പി സർക്കാർ തടവിലാക്കിയിരുന്നു.

പിരിച്ചുവിട്ട സർക്കാർ നടപടി വിചിത്രം.അനീതിക്കെതിരെ ശബ്ദിക്കുക എന്റെ കർമ്മമാണ്. രാഷ്ട്രീയ പകപോക്കലാണെന്ന് സംശയിക്കണം.
-ഡോ.കഫീൽ ഖാൻ

Advertisement
Advertisement