ഇന്ന് ദേശീയ പക്ഷി ദിനം: കൊവിഡ് കാലത്തും ദേശാടകർക്ക് കുറവില്ല; തദ്ദേശീയർക്ക് നിലനിൽപ്പ് ഭീഷണി

Thursday 11 November 2021 9:29 PM IST
പെരിയ കുണിയയിൽ കണ്ടെത്തിയ പമ്പരക്കാട

കാഞ്ഞങ്ങാട്: കൊവിഡിൽ ലോകമാകെ ഭയപ്പാടിൽ കഴിയുമ്പോഴും ദേശാടനപക്ഷികളുടെ വരവിന് ഒരു തടസവുമുണ്ടായില്ലെന്ന് പക്ഷിനിരീക്ഷകർ. എന്നാൽ തദ്ദേശീയരായ ചില പക്ഷികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഈ കാലത്തും ഉയർന്നുവരുന്നുവെന്നാണ് പല പഠനങ്ങളിലും തെളിയുന്നത്.

കാസർകോട് ജില്ലയിലെ വയൽപ്രദേശങ്ങളിൽ നിരവധി ദേശാടന പക്ഷികൾ വന്നിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകൻ രാജു കിദൂർ പറയുന്നു.ചെങ്കണ്ണൻ പാറ്റപിടിയൻ, ചുറ്റിന്തൽക്കിളി,യൂറോപ്യൻ പനംകാക്ക,ചങ്ങാലിപ്രാവ് ,പമ്പരക്കാട,പൊൻമണൽകോഴി,വർണ്ണകൊക്ക് എന്നിവയടക്കം ഇക്കൂട്ടത്തിലുണ്ട്. ചെമ്മട്ടംവയൽ, പെരളത്തുവയൽ ,കുണിയ വയൽ, കിദൂർ, പൊസഡിഗുഡ്ഡെ എന്നിവിടങ്ങളിലും ദേശാടനപക്ഷികൾ യഥേഷ്ടം കാണാറുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

അതെ സമയം തീരദേശങ്ങളിലെ കൊറ്റില്ലങ്ങളുടെ നാശം തദ്ദേശീയ പക്ഷികൾക്ക് വലിയ ഭീഷണിയുയർത്തുന്നതായി പക്ഷിനിരീക്ഷകർ പറയുന്നു.വൻ മരങ്ങളിൽ കൂടു കൂട്ടുന്ന വെള്ളവയറൻ കടൽപ്പരുന്തുകളുൾപ്പെടെ നാശത്തിന്റെ വക്കിലാണ്. ഇടയിലെക്കാട് കാവ്, പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിനടുത്ത വൻമരം എന്നിവിടങ്ങളിലാണ് കാസർകോട് ജില്ലയിൽ വെള്ളവയറൻ കടൽപ്പരുന്തുകളുടെ ആവാസസ്ഥലം. സമുദ്രതീരങ്ങളിലെ വൻ മരങ്ങളുടെ നാശമാണ് വെള്ളവയറൻ കടൽപ്പരുന്തുകൾ കൂട്ടത്തോടെ പലായനം ചെയ്യാൻ കാരണം.

കുറ്റിയറ്റ് കാഞ്ഞങ്ങാട്ടെ കൊറ്റില്ലങ്ങൾ

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നീർപക്ഷികളുടെ ആവാസവ്യവസ്ഥയിൽ നിർണായകമായ നിരവധി കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. നീർത്തടങ്ങൾ നശിപ്പിച്ചും മരങ്ങൾ വെട്ടിമാറ്റിയും ഇവ പൂർണമായി ഇല്ലാതായി. പ്രധാന പാതയ്ക്ക് ഇരുവശത്തുമുണ്ടായിരുന്ന മരങ്ങൾ കൂട്ടത്തോടെ വെട്ടിമാറ്റിയപ്പോൾ ബാക്കി വന്ന പക്ഷികൾ മൊബൈൽ ടവറിൽ കൂടുകൂട്ടുന്ന പ്രവണത കൂടുന്നതായി പക്ഷി നിരീക്ഷകർ പറയുന്നു.2019ലെ സർവേ പ്രകാരം കൊറ്റില്ലങ്ങളിലെ കൂടുകളുടെ എണ്ണം 553 ആണ്.

കണ്ടവരുണ്ടോ കരിങ്കൊക്കിനെ

ഉയരമുള്ള മരങ്ങൾ കുറയുന്നതു മൂലം ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ വംശനാശ സാദ്ധ്യതയുള്ള ജീവികളുടെ പട്ടികയിൽ പെട്ട കരിംകൊക്ക്. ഉയരമുള്ള മരങ്ങളിൽ കൂടുകൂട്ടാൻ ഇഷ്ടപ്പെടുന്ന പക്ഷികളാണവ. വൻ മരങ്ങളുടെ നാശത്തെ തുടർന്ന് കരിംകൊക്കുകൾ മൊബൈൽ ടവറുകളിൽ കൂടു കൂട്ടുകയാണിപ്പോൾ.രണ്ടു മാസത്തെ പ്രജനന കാലത്തെക്കെങ്കിലും ഇവയെ സംരക്ഷിക്കണമെന്നാണ് പക്ഷിഗവേഷകനായ പെരളത്തെ ശ്യാംകുമാർ അടക്കമുള്ളവർ പറയുന്നത്.

Advertisement
Advertisement