'ഹിന്ദുത്വ'യെക്കുറിച്ച് വിവാദ പരാമർശമെന്ന് ആരോപണം , സൽമാൻ ഖുർഷിദിനെതിരെ ബി.ജെ.പി.

Friday 12 November 2021 12:17 AM IST

ന്യൂഡൽഹി: അയോദ്ധ്യയെക്കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ വിവാദത്തിൽപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. 'സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻഹുഡ് ഇൻ ഔർ ടൈംസ്' എന്ന പുസ്തകത്തിലെ പരാമർശമാണ് വിവാദത്തിന് വഴിവച്ചത്. പുസ്തകത്തിൽ 'ഹിന്ദുത്വ'യെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തിയെന്നാരോപിച്ച് ഡൽഹിയിൽ നിന്നുള്ള രണ്ട് അഭിഭാഷകർ ഖുർഷിദിനെതിരെ പൊലീസിൽ പരാതി നൽകി. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വ,​ യോഗികൾക്കും സന്ന്യാസിമാർക്കും പരിചിതമായിരുന്ന സനാതന ധർമ്മത്തെയും ക്ലാസിക്കൽ ഹിന്ദൂയിസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ് എന്ന പരാമർശമാണ് വിവാദമായത്.

ഇതേത്തുടർന്ന്, മുസ്ലിം വോട്ട് കിട്ടാൻ കോൺഗ്രസ് സമുദായ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി. രംഗത്തെത്തി. ഖുർഷിദിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. അതേ സമയം ഖുർഷിദിന് പിന്തുണയേകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു.

Advertisement
Advertisement