ലോകരാജ്യങ്ങൾ താലിബാനുമായി സഹകരിക്കണമെന്ന് പാകിസ്ഥാൻ

Friday 12 November 2021 12:41 AM IST

ഇസ്ലാമാബാദ് : അഫ്ഗാനിലെ താലിബാൻ സർക്കാരുമായി വിദേശരാജ്യങ്ങൾ സഹകരിക്കണമെന്നും യുദ്ധത്തിൽ തകർന്ന രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പുരോഗതിയുടെ പാതയിലേക്കെത്തിക്കാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അഭ്യർത്ഥിച്ചു. അഫ്ഗാനിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത ട്രോയിക്ക പ്ലസ് മീറ്റിങ്ങിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന,റഷ്യ,അമേരിക്ക എന്നീ രാജ്യങ്ങളിലെ സുരക്ഷാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. താലിബാൻ ഭരണകൂടത്തിന് ലോകരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്നും അവരെ ഒറ്റപ്പെടുത്തുന്ന സമീപനം ലോകരാജ്യങ്ങൾ ഉപേക്ഷിക്കണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.

മുൻപുണ്ടായ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടരുത്. താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന വിഷയത്തിൽ ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ അത് അഫ്ഗാനിലെ സാധാരണ ജനങ്ങളെ സാരമായി ബാധിക്കും. അഫ്ഗാൻ സർക്കാരിനുള്ള വിദേശ സാമ്പത്തിക സഹായം നിലച്ചതിലൂടെ സാമ്പത്തികമായി തകർന്ന രാജ്യത്തെ സാധാരണക്കാർ പട്ടിണിയിലാണ്. ഈ അവസ്ഥ മാറിയില്ലെങ്കിൽ അത് മഹാദുരന്തത്തിന് കാരണമാകുമെന്നും അത് തടയാനായി താലിബാൻ സർക്കാരിനെ എല്ലാവരും സഹായിക്കണമെന്നും ഖുറേഷി അഭ്യർത്ഥിച്ചു. രാജ്യത്ത് ഇനിയൊരു ആഭ്യന്തര യുദ്ധമുണ്ടാകാതിരികാൻ എല്ലാവരുടേയും കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അഫ്ഗാൻ വിദേശകാര്യ മന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ അമീർ ഖാൻ മുത്താഖി സന്ദർശനത്തിനായി പാകിസ്ഥാനിലെത്തിയിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം ഇസ്ലാമാബാദിലെത്തിയ മുത്താഖി ,​ ട്രോയിക്ക പ്ലസ് മീറ്റിംഗിനെത്തിയ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചർച്ച നടത്തും.

Advertisement
Advertisement