കോഴിത്തീറ്റ വില കുറഞ്ഞു; ആശ്വാസത്തിൽ കർഷകർ

Friday 12 November 2021 12:54 AM IST

ആലപ്പുഴ: കുതിച്ചുയർന്ന കോഴിത്തീറ്റ വില കൂപ്പുകുത്തിയതോടെ പൗൾട്രി കർഷകർക്കും ഉപഭോക്താക്കൾക്കും ആശ്വാസം. 50 കിലോയുടെ ചാക്കിന് ഒറ്റയടിക്ക് 400 രൂപയുടെ വിലക്കുറവാണുണ്ടായത്. കമ്പനികൾക്കനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ട്.

ഇത് ഇറച്ചിക്കോഴി വിലയിലും പ്രതിഫലിച്ചു.

തീറ്റ ഉത്പാദനത്തിന് ഉപയോഗിക്കുന്ന സോയാ, ചോളം തുടങ്ങിയവയ്ക്ക് വില കുറഞ്ഞതോടെയാണ് കമ്പനികൾ കാലിത്തീറ്റയ്ക്ക് വില കുറച്ചത്. കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ഫാമകളും പതിയെ കരകയറുന്നുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ വിലയും 50ൽ നിന്ന് 34ലേക്ക് താഴ്ന്നു.

അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡെത്തിക്കുന്നതിന് ഉയർന്നുനിൽക്കുന്ന ഇന്ധനവില പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സ്കൂളുകളിൽ പോഷകാഹാരമായി മുട്ടകൾ നൽകിത്തു‌ടങ്ങിയത് മുട്ട വ്യാപാരത്തിന് ഉണർവേകി. കൊവിഡ് വന്നതോടെ വിദ്യാലയങ്ങളിലേക്കുള്ള മുട്ടകൾക്ക് നേരത്തെ ലോക്ക് വീണിരുന്നു.

കോഴിത്തീറ്റ ചാക്ക്: 50 കിലോ ഗ്രാം

വില നേരത്തെ: ₹ 2,​200

ഇപ്പോൾ: ₹ 1,​800

കേരള ചിക്കനെ കാത്ത് ആലപ്പുഴ

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരള ചിക്കൻവഴി കുടുംബശ്രീക്ക് സംസ്ഥാനത്ത് ഇതുവരെ 50.20 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചതായാണ് കണക്ക്. എന്നാൽ പദ്ധതി ഇതുവരെ ആലപ്പുഴയിലേക്ക് എത്തിയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണ് ഫാമുകളും വിപണന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഒരു ദിവസം ഏകദേശം 20 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. ഇതുവരെ 25 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളെ വിറ്റഴിച്ചു. ഫാമുകളും വിപണന കേന്ദ്രങ്ങളും വഴി 330 കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്.

""
ഇന്ധനവിലക്കയറ്റം മൂലം 30 ശതമാനത്തോളം രൂപ അധികം നൽകിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡെത്തിക്കുന്നത്.

എസ്.കെ. നസീർ, ജനറൽ സെക്രട്ടറി

ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Advertisement
Advertisement