ഖാദി വ്യവസായത്തിന് കൈത്താങ്ങേകാൻ കൈത്തറിനാട്ടിൽ പുത്തൻ ചുവടുവയ്പ്പ്

Friday 12 November 2021 1:20 AM IST

ബാലരാമപുരം: പവർലൂം തുണിത്തരങ്ങൾ വിപണി കൈയടക്കിയ കാലത്ത് വേറിട്ട ചിന്തയിലൂടെ ഖാദി വ്യവസായത്തിന് പുത്തനുണർവേകാൻ ശ്രമിക്കുകയാണ് കൈത്തറി ഗ്രാമത്തിലെ ഒരു മുതിർന്ന നെയ്ത്തുതൊഴിലാളി. രാമപുരം ഇടവഴിക്കര രവീണാ ഭവനിൽ അയ്യപ്പനാണ് (70) ഒറ്റത്തുണിയിൽ നെയ്തെടുത്ത ദേശീയപതാകയുമായി പുത്തൻ ചുവടുവയ്പ്പിനൊരുങ്ങുന്നത്. മുപ്പത് ഇഞ്ച് വീതിയിലും നാൽപ്പത്തിയഞ്ച് ഇഞ്ച് നീളത്തിലും ഇദ്ദേഹം നെയ്ത ദേശീയ പതാകയ്ക്കായി വേണ്ടിവന്നത് 13 കഴി ഖാദി നൂലും 7 ദിവസത്തെ അദ്ധ്വാനവുമാണ്. ഇത്തരത്തിൽ ഒരു പതാക നെയ്തെടുക്കാൻ ഏഴായിരത്തോളം രൂപ ചെലവുവരുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇങ്ങനെ നെയ്തെടുത്ത ദേശീയപതാക കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറുന്നതിലൂടെ കൂടുതൽ പതാകകൾ തുന്നുന്നതിനുള്ള അവസരം ലഭിക്കുമെന്നും ഇത് കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് സമ്മാനിക്കുമെന്നുമാണ് പ്രതീക്ഷ. ഇതിലൂടെ യുവ നെയ്ത്തുകാരെ മേഖലയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും വിവിധ സംഘടനകളുടെ കൊടികൾ നെയ്യുന്നതിനുള്ള അവസരവും കൈത്തറിമേഖലയെ തേടിവരുമെന്നും ഇദ്ദേഹം കരുതുന്നു.

കൈത്തറിക്കായി നിസ്തുല സംഭാവനകൾ

14 പേരടങ്ങുന്ന അയ്യപ്പന്റെ സഹോദരങ്ങൾ എല്ലാവരും പരമ്പരാഗത നെയ്ത്ത് തൊഴിലാളികളാണ്. പതിമ്മൂന്നാം വയസിൽ നെയ്ത്തിലേക്ക് തിരിഞ്ഞ അയ്യപ്പൻ സാമ്പത്തിക ക്ളേശവും പ്രായാധിക്യവും അലട്ടിയിട്ടും ഇപ്പോഴും കൈത്തറിയെ നെഞ്ചോടു ചേർത്ത് കഴിയുകയാണ്. 1997ൽ ഹാൻഡ്ലൂം വീവേഴ്സ് ഡെവലപ്മെന്റ് കൗൺസിൽ രൂപീകരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചയാളാണ് അയ്യപ്പൻ. സർവോദയ സംഘം വെള്ളനാട് കോട്ടൂർ യൂണിറ്റിന് കീഴിൽ നെയ്‌ത്ത് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. സർക്കാരിന്റെയും മറ്റ് സംഘടനകളുടെയും നെയ്ത്ത് പരിശീലനക്കളരികളിലും അഖിലേന്ത്യാ കൈത്തറി പ്രദർശനമേളകളിലും പങ്കെടുത്ത് കൈത്തറി വ്യവസായത്തിന്റെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിലും ഇദ്ദേഹം മുൻപന്തിയിലാണ്.

Advertisement
Advertisement