കയ്യാലപ്പുറത്തെ തേങ്ങയായി കോട്ടയം നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്

Saturday 13 November 2021 12:00 AM IST

കോട്ടയം: ഉദ്വേഗത്തിന്റെ മുൾമുനയിൽ കോട്ടയം നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് തീങ്കളാഴ്ച നടക്കും. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് അതു വീണ്ടെടുക്കാനും ഇടതു മുന്നണി ഭരണം പിടിച്ചെടുക്കാനും കളത്തിലിറങ്ങിക്കഴിഞ്ഞു.

ഇരു മുന്നണികൾക്കും തുല്യ അംഗങ്ങൾ ഉള്ളതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു യു.ഡി.എഫ് സ്വതന്ത്ര ബിൻസി സെബാസ്റ്റ്യൻ ചെയർപേഴ്സണായത്. ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ പ്രമേയം പാസായി ബിൻസിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇടതു, വലതു സ്ഥാനാർത്ഥികൾക്ക് ഇക്കുറിയും തുല്യ വോട്ടുകൾ വന്നാൽ നറുക്കെടുപ്പിലൂടെ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കും. ഭാഗ്യം തുണക്കുന്നവർ ചെയർപേഴ്സണാകും. ഏതെങ്കിലും മുന്നണിയിൽ പെട്ട ഒരു കൗൺസിലറുടെ വോട്ട് അസാധുവായാൽ എതിർ മുന്നണിക്കാകും ഭരണം ലഭിക്കുക. ഇതിനുള്ള സാദ്ധ്യത ആരും തള്ളികളയാത്തതിനാലാണ് വോട്ടെടുപ്പ് കഴിയും വരെ ഉദ്വേഗം നിലനിൽക്കുന്നത്.

ബി.ജെ.പി പിന്തുണച്ചതോടെയാണ് യു.ഡി.എഫ് അദ്ധ്യക്ഷയ്ക്കെതിരായ അവിശ്വാസം പാസായതെങ്കിലും അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇരു മുന്നണി സ്ഥാനാർത്ഥികളെയും ബി.ജെ.പി പിന്തുണക്കാനുള്ള സാദ്ധ്യത ഇല്ല. അതേ സമയം യു.ഡി.എഫിൽ ഭിന്നത ശക്തമാണ് . അഞ്ചു വർഷത്തേക്ക് ചെയർപേഴ്സൺ ആക്കാമെന്ന് ഉമ്മൻചാണ്ടി അടക്കം ഉന്നത കോൺഗ്രസ് നേതാക്കൾ ഒപ്പിട്ടു നൽകിയ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രാംഗമായ ബിൻസി സെബാസ്റ്റ്യൻ യു.ഡി.എഫിനെ പിന്തുണച്ചതിനാൽ . വീണ്ടും ബിൻസിയെ തന്നെ യു.ഡി.എഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയാക്കേണ്ടി വരും. വൈസ് ചെയർമാൻ അടക്കം നിരവധി കോൺഗ്രസ് അംഗങ്ങൾ കഴിഞ്ഞ കൗൺസിലിൽ ബിൻസിക്കെതിരെ പട നയിച്ചവരാണ് .ഇവർക്കെല്ലാം ഇതിനോട് ശക്തമായ വിയോജിപ്പുണ്ട്. യു.ഡി.എഫിൽ ഒരംഗം മാത്രമുള്ള കേരളാകോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. യു.ഡി.എഫിലെ ഈ അസ്വാരസ്യത്തെ ഏറെ പ്രതീക്ഷയോടെയാണ് എൽ.ഡി.എഫ് കാണുന്നത്. അതേ സമയം അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ സി.പി.എം സ്വതന്ത്രാംഗത്തിന്റെ വോട്ട് അസാധുവായത് ഇടതു മുന്നണിയിലെ ഭിന്നതയുടെ തെളിവെന്ന് യു.ഡി.എഫ് പ്രചരിപ്പിക്കുമ്പോൾ യു.ഡി.എഫ് അംഗം വോട്ട് അസാധുവാക്കി ഇടതു മുന്നണിയെ സഹായിച്ചാലും കാലുമാറ്റ നിരോധന നിയമ പരിധിയിൽ പെട്ട് അംഗത്വം നഷ്ടപ്പെടില്ലെന്ന് കാണിച്ചു കൊടുത്തതാണ് സി.പി.എം സ്വതന്ത്രന്റെ അസാധുവോട്ടെന്നാണ് ഇടതു പ്രചാരണം.

 നറുക്കെടുപ്പ് തന്നെ ശരണം

52 അംഗ കൗൺസിലിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങൾ വീതവും ബി.ജെ.പിക്ക് എട്ട് അംഗങ്ങളുമാണുള്ളത്. ബി.ജെ.പിയും സ്ഥാനാർത്ഥിയെ നിറുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങനെ വന്നാൽ ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ബി.ജെ.പി വിട്ടു നിന്നാൽ തുല്യത വരും . നറുക്കെടുപ്പിലൂടെ അദ്ധ്യക്ഷയെ തിരഞ്ഞടുക്കേണ്ടി വരും.

 മൽസരരംഗത്ത്

ബിൻസി സെബാസ്റ്റ്യൻ, ഷീജ അനിൽ അല്ലെങ്കിൽ പി.എൻ.സരസമ്മാൾ, റീബ വർക്കി എന്നിവർ യഥാക്രമം യു.ഡി.എഫ് , ഇടതു ,ബി.ജെ.പി സ്ഥാനാർത്ഥികളായി മത്സരിക്കാനാണ് സാദ്ധ്യത .

Advertisement
Advertisement