കയറിന്റെ ഈറ്റില്ലമായിരുന്ന കോടമ്പള്ളിക്ക് ഇനി പ്രതീക്ഷ ടൂറിസവും മത്സ്യകൃഷിയും

Saturday 13 November 2021 12:59 AM IST

വക്കം: ഒരുകാലത്ത് കയറിന്റെ ഈറ്റില്ലമായിരുന്ന കോടമ്പള്ളിയുടെ പ്രകൃതി സൗന്ദര്യം സഞ്ചാരികൾക്കായി പകർന്നുനൽകാൻ കാത്തുനിൽക്കുന്നു. കായൽവാരം മുതൽ കോടമ്പള്ളി വരെയുള്ള കായൽത്തീരത്ത് ആയിരത്തോളം റാട്ടുകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു.

ഒരുകാലത്ത് വക്കം മേഖലയിലെ കയർ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കോടംപള്ളി. മുണ്ട് കായൽ മുതൽ അണയിൽക്കടവ് വരെ നീണ്ടുകിടക്കുന്ന കായൽ തീരങ്ങളിൽ പകൽ സമയത്ത് തൊണ്ട് തല്ലുന്നതിന്റെയും കയർപിരിക്കുന്നതിന്റെയും താളം സദാ നിറഞ്ഞുനിന്നിരുന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നത്.

ഇന്ന് എല്ലാം നിശ്ചലമായ അവസ്ഥയിലാണ്. തൊണ്ട് അഴുക്കുന്നതിന് നൂറുകണക്കിന് മാലുകൾ ഉണ്ടാക്കിയിരുന്ന വട്ടങ്ങൾ അനാഥമായി. കയറിടുന്നതിനുള്ള കടവണ്ടികൾ മുതൽ തൊണ്ട് തല്ലുന്ന കൊട്ടുവടി വരെ നശിച്ചു. വീടുകളുടെ പ്രൗഢി വിളിച്ചോതിയിരുന്ന പാക്കളങ്ങൾ ഇന്ന് കാണാനേയില്ല. കയർപിരിച്ചിരുന്ന പുരയിടങ്ങളിലെല്ലാം കാടുമൂടി. ഇന്ന് ഈ മേഖലകൾ ഇഴജന്തുക്കൾ കൈയടക്കി. വക്കത്തുകാരുടെ വരുമാനമാർഗവും അടഞ്ഞു. സമീപത്തെ വിവിധ മേഖലകളിൽ നിന്ന് എത്തിയിരുന്ന നൂറുകണക്കിന് കയർ തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ നൽകിയിരുന്ന കയർ മേഖല ഇന്ന് നിശ്ചലം. ഇനി വക്കം നിവാസികളുടെ പ്രതീക്ഷ കായൽ ടൂറിസവും മത്സ്യക്കൃഷിയുമാണ്.

മണ്ണടിഞ്ഞ പാരമ്പര്യം

വിശ്രമമില്ലാതെ ജോലിചെയ്താലും ലഭിക്കുന്ന തുച്ഛമായ കൂലിയാണ് പരമ്പരാഗത കയർ തൊഴിലാളികൾക്ക് ലഭിച്ചിരുന്നത്. കണക്കനുസരിച്ച് മൂന്ന് പേരുൾപ്പെടുന്ന സംഘം പിരിച്ചെടുക്കേണ്ടത് 120 മുതൽ 140 വരെ പിടി കയറാണ്. ഇവർ വിശ്രമമില്ലാതെ ജോലിചെയ്താൽ മാത്രമേ ഇത്രയും പിരിച്ചെടുക്കാൻ കഴിയൂ. എന്നാൽ അത്രയും പിരിച്ചെടുത്താൽ കിട്ടുന്ന കൂലി ഒന്നിനും തികയില്ല. ഇതാണ് പരമ്പരാഗത തൊഴിലാളികൾ മേഖലയെ ഒഴിവാക്കാൻ കാരണം. ഒപ്പം ചകിരിയുടെ ലഭ്യതക്കുറവും മറ്റൊരു തിരിച്ചടിയായി. ഇതോടെ പുതിയ തലമുറ കയർ മേഖലയിലേക്ക് തിരിഞ്ഞുനോക്കാതായി.

** ടൂറിസവും മത്സ്യകൃഷിയും

കോടംപള്ളി മേഖലയുടെ ടൂറിസം സാദ്ധ്യതകളോടും അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നെന്നാണ് ആക്ഷേപം. ശരിയായ വികസനമെത്തിച്ചാൽ സഞ്ചാരികളുടെ പറുദീസയായി മാറാൻ മേഖലയ്ക്ക് കഴിയും. നേരേ മറുകരയിൽ നോക്കിയാൽ കാണുന്ന പൊന്നുംതുരുത്താണ് കോടംപള്ളിക്കടവിന്റെ ആകർഷണം. തൊട്ടടുത്തുള്ള അകത്തുമുറി കായലും ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. മൂന്ന് വശങ്ങളും കായലാൽ ചുറ്റപ്പെട്ട വക്കത്തിന് ജലഗതാഗതത്തിലൂടെ അനന്ത സാദ്ധ്യതകളാണുള്ളത്. ഒപ്പം വക്കം ഗ്രാമപഞ്ചായത്തിലെ നൂറു കണക്കിന് വട്ടങ്ങൾ സംരക്ഷിച്ചാൽ മത്സ്യകൃഷി അനായാസം നടപ്പിലാക്കാം. എല്ലാം നടക്കുമെന്ന പ്രതീക്ഷയാണ് പുതിയ തലമുറയ്ക്ക്.

Advertisement
Advertisement