യൂറോപ്പിൽ വീണ്ടും പിടിമുറുക്കി കൊവിഡ്,​ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

Saturday 13 November 2021 2:19 AM IST

ഒസ്ലോ:യൂറോപ്പിൽ ഭീതിയുയർത്തി കൊവിഡ് വ്യാപനം ശക്തമാകുന്നു. ജർമ്മനിയ്ക്കും ഫ്രാൻസിനും ചെക്ക് റിപ്പബ്ലിക്കിനും നെതർലൻഡ്സിനും പിന്നാലെ നോർവേയിലും കൊവിഡ് പടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വരുമെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗർ അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം,​ ജനങ്ങൾ വാക്സിന്റെ മൂന്നാം ഡോസ് എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ജനങ്ങളോട് അപേക്ഷിച്ചു.

രണ്ടാഴ്ചയായി പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റട്ടേ രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. തിയേറ്ററുകളും റസ്റ്റോറന്റുകളും അടയ്ക്കാനുള്ള ഒരുക്കത്തിലാണ് നെതർലൻഡ്സ്. രാജ്യത്ത് 82 ശതമാനത്തിലധികം പേർ വാക്സിൻ സ്വീകരിച്ചു. ഇതിൽ 12 വയസ്സിന് മുകളിലുള്ളവരുമുൾപ്പെടും.

യൂറോപ്പിലെ 65 ശതമാനം പേരും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. 65 വയസ്സിന് മുകളിലുള്ളവർ വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

ഫ്രാൻസിൽ ഏകദേശം ആറ് ദശലക്ഷം പേർ വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്നും സ്കൂൾ വിദ്യാർത്ഥികൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണവും വർദ്ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും പ്രാദേശിക വ്യാപനം രൂക്ഷമാണ്.

 ലോകത്താകെ രോഗികൾ - 252,812,973

 മരണം - 5,098,890

 രോഗമുക്തർ - 228,728,114

Advertisement
Advertisement