ചാടിയിട്ടും കരകാണാതെ ചെമ്മീൻ സംസ്‌കരണ പ്ലാന്റുകൾ

Saturday 13 November 2021 12:00 AM IST

# വിനയായി രാസപദാർത്ഥങ്ങളുടെ വിലക്കയറ്റം

ആലപ്പുഴ: ഇന്ധനവിലയ്ക്ക് പിന്നാലെ രാസവസ്തുക്കളുടെ വിലയും വർദ്ധിച്ചതോടെ ജില്ലയിലെ ചെമ്മീൻ സംസ്‌കരണ പ്ലാന്റുകൾ പ്രതിസന്ധിയിൽ. പല പ്ലാന്റുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൊവിഡ് തരംഗത്തിൽ ആടിയുലഞ്ഞ ചെമ്മീൻ സംസ്കരണ പ്ലാന്റുകൾക്ക് വിലക്കയറ്റം തിരച്ചടിയായിരിക്കുകയാണ്.

ജില്ലയിൽ പൂച്ചാക്കൽ, പാണാവള്ളി, അരൂക്കൂറ്റി, തൈക്കാട്ടുശേരി, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പ്രധാന പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ അരൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ പ്ലാന്റുകളുള്ളത്. ചെമ്മീൻ പീലിംഗ് ഷെഡുകളിൽ നിന്ന് പുറന്തള്ളുന്ന പുറന്തോടുകളോട് കൂടിയുള്ള ഭാഗമാണ് ചെമ്മീൻതല. ഇവ ഒരു ബോക്സിന് 30-40 രൂപ നിരക്കിൽ ശേഖരിച്ച് വാഹനത്തിൽ കയറ്റി പ്ലാന്റുകളിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്.

തുടർന്ന് എച്ച്.സി.എൽ, സോഡിയം ഹൈഡ്രോക്സൈഡ്, സോഡിയം ഹൈപ്പോക്ലോറേറ്റ് എന്നിവ ചേർത്താണ് പ്ലാന്റിൽ നിക്ഷേപിക്കുന്നത്. രാസവസ്തുക്കളുടെ വിലക്കയറ്റം മൂലം ഇപ്പോൾ പ്ലാന്റുകളുടെ പ്രവർത്തനം മന്ദഗതിയിലാണ്. ഇതിന് പുറമേ വാഹന വാടകയായി 5,000 ഓളം രൂപ ചെലവാകും. വിവിധയിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ചെമ്മീൻതല വെയിലത്ത് ഉണക്കി സംസ്കരിച്ചാണ് 20 കിലോ വീതം ചാക്കുകളിലേയ്ക്ക് മാറ്റുന്നത്.

രാസവസ്തുക്കളുടെ വില

എച്ച്.സി.എൽ ഒരു ക്യാൻ ₹ 330

സോഡിയം ഹൈഡ്രോക്സൈഡ് ചാക്ക് ₹ 4,​000

സോഡിയം ഹൈപ്പോ ക്ലോറേറ്റ് ഒരു ക്യാൻ ₹ 800

ഉപയോഗമെന്ത്?

ക്യാപ്സ്യൂളിന്റെ പുറന്തോട്, സന്ധിവാതത്തിനുള്ള മരുന്ന്, ടൂത്ത് പേസ്റ്റ്, ശസ്ത്രക്രിയകൾക്കുള്ള സ്റ്റിച്ചിംഗ് നൂൽ എന്നിവയുടെ നിർമ്മാണത്തിനാണ് ചെമ്മീൻ തല ഉപയോഗിക്കുന്നത്. കർണാടക, ആന്ധ്രാ, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് കയറ്റിയയ്ക്കുന്നത്.

മാലിന്യം തലവേദന

1. പല സംസ്കരണ യൂണിറ്റുകളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിക്കുന്നില്ല

2. കായൽ മലിനമാക്കിയാണ് പല യൂണിറ്റുകളുടെയും പ്രവർത്തനം

3. രാസമാലിന്യവും അഴുക്ക് വെള്ളവും ജലസ്രോതസിൽ ഒഴുക്കുന്നു

4. കായലിൽ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങുന്നു

5. പ്രദേശവാസികൾ ദുർഗന്ധം പേറിയാണ് ജീവിക്കുന്നത്

""

ഭൂരിഭാഗം ചെമ്മീൻ സംസ്കരണ യൂണിറ്റുകളും പ്രവർത്തിക്കുന്നത് കടക്കെണിയിലാണ്. രാസവസ്തുക്കൾക്ക് സബ്സിഡി നൽകി വ്യവസായം സംരക്ഷിക്കണം.

ചെമ്മീൻ സംസ്കരണ പ്ലാന്റ് വ്യവസായി കൂട്ടായ്മ

Advertisement
Advertisement