പിടിവിട്ട് പച്ചക്കറി വില

Saturday 13 November 2021 12:00 AM IST

ആലപ്പുഴ: സാമ്പാറിൽ മുങ്ങിത്തപ്പണം കഷണങ്ങൾ കിട്ടാൻ... പച്ചക്കറി കടയിൽ വിലക്കയറ്റം കാരണം തിരിഞ്ഞുനോക്കാൻ കഴിയാത്ത സ്ഥിതിയാണ്. തക്കാളി,​ വെണ്ടയ്ക്ക,​ ഉരുളക്കിഴങ്ങ്,​ സവാള,​ ഏതെടുത്താലും കൈ പൊള്ളും. വിലക്കയറ്റം കണ്ട് പകച്ചുനിൽക്കുകയാണ് സാധാരണക്കാർ.

രണ്ടാഴ്ചയ്ക്കിടെ ദീപാവലി പ്രമാണിച്ച് അത്യാവശ്യ പച്ചക്കറികൾ ഉൾപ്പെടെ പലതിനും ‘തീ’ വിലയായിരുന്നു. ഇതിനിടെ തമിഴ്നാട്ടിലെ കനത്ത മഴയാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് കാരണമായി പറയുന്നത്. ബീൻസ്, കാരറ്റ്, പാവയ്ക്ക, മുരിങ്ങക്ക, പയർ തുടങ്ങി പല ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. ദീപാവലിക്ക് ശേഷം വില കുറയുമെന്നാണ് കച്ചവടക്കാർ പ്രതീക്ഷിച്ചതെങ്കിലും കനത്ത മഴ വില്ലനായി. മഴയിൽ ജില്ലയിലേക്ക് എത്തുന്ന ലോഡ് പകുതിയായി കുറഞ്ഞുവെന്നാണ് വ്യാപാരികൾ പറയുന്നത്.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറാനുള്ള ശ്രമത്തിനിടെയാണ് ജനത്തിന് ഇരുട്ടടിയായി പാചകവാതകം, പെട്രോൾ,​ ഡീസൽ,​ മണ്ണെണ്ണ വില വർദ്ധിച്ചത്. മത്സ്യ - മാംസ വിലയും ഉയരുകയാണ്. വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളം തെറ്റിച്ചു. ജില്ലയിലെ പല പ്രദേശങ്ങളിലും പച്ചക്കറികൾക്ക് 5 മുതൽ 15 രൂപ വരെ വിലയിൽ വ്യത്യാസമുണ്ട്.

ഇന്നലത്തെ വില (കിലോ, ചില്ലറ വിപണി)

ബീൻസ് ₹ 50
കാരറ്റ് ₹ 80
തക്കാളി ₹ 80
വെണ്ടയ്ക്ക ₹ 80
പാവയ്ക്ക ₹ 70

കോവയ്ക്ക ₹ 60
കോളി ഫ്ലവർ ₹ 60
കാബേജ് ₹ 50

ബീറ്റ്റൂട്ട് ₹ 50

ഉരുളക്കിഴങ്ങ് ₹ 50
ചുവന്നുള്ളി ₹ 60
സവാള ₹ 50
മുരിങ്ങയ്ക്ക ₹ 120
പയർ ₹ 60

കൂർക്ക ₹ 50

അടുപ്പ് എരിയാതെ ഹോട്ടൽ

അടുപ്പ് എരിയുന്നതിനേക്കാൾ തീയാണ് ഹോട്ടൽ - കേറ്ററിംഗ് ഉടമകളുടെ മനസിൽ. പച്ചക്കറി ​- പാചക വാതക വില വർദ്ധന ഹോട്ടലുകളെയും ബാധിച്ചു. ഇതോടെ വായ്പാ തിരിച്ചടവും മുടങ്ങി. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് സാധനങ്ങളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്.

''"

ഇന്ധന വില വർദ്ധനയും തമിഴ്നാട്ടിലെ കനത്ത മഴയും കാരണം പച്ചക്കറി വില കുതിച്ചുയർന്നു. വില വർദ്ധന ഹോട്ടലുടമകളെയും ബാധിച്ചു. കച്ചവടം പകുതിയായി കുറഞ്ഞു.

മാഹിൻ, പച്ചക്കറി വ്യാപാരി

Advertisement
Advertisement