ഈ ബസ്സിലിരുന്നു കഴിച്ചാലോ?

Sunday 14 November 2021 12:00 AM IST

വൈക്കം : വൈക്കം കായലിന്റെ തീരത്ത് ഡബിൾ ഡെക്കർ ബസിലെ ഭക്ഷണശാലയിലിരുന്ന് രുചികരമായ വിഭവങ്ങൾ ഇനി ആസ്വദിക്കാം. ബസിന്റെ മാതൃകയിൽ കെ.ടി.ഡി.സി 'ഫുഡി വീൽസ്' എന്ന പേരിൽ ഒരുക്കിയ റെസ്​റ്റോറന്റിന്റെ ഉദ്ഘാടനം നാളെ മൂന്നിന് ടൂറിസം മന്ത്റി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്റി ആന്റണി രാജു വിശിഷ്ടാതിഥിയാകും. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി തുടങ്ങിയവർ പങ്കെടുക്കും. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഓടാതെ കിടന്ന വേണാട് ബസ് വൈക്കത്തെ കെ.ടി.ഡി.സിയുടെ ബോട്ട് മാതൃകയിലുള്ള മോട്ടൽ ആരാമിനു സമീപം രണ്ടു നിലയിലായി നവീകരിച്ചാണ് 'ഫുഡി വീൽസ്' ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് നിർമാണജോലികൾ പൂർത്തിയാക്കിയത്. ടൂറിസം സാദ്ധ്യതകൾ ഏറെയുള്ള വൈക്കത്ത് ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന സി.കെ ആശ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഈ ആശയത്തിലേക്ക് അധികൃതർ എത്തിച്ചേർന്നത്. കെ.ടി.ഡി.സി 40 ലക്ഷം രൂപ മുടക്കിയാണ് റെസ്​റ്റോറന്റുകൾ സജ്ജീകരിക്കുന്നത്. ഇരുനില ബസിന്റെ ചു​റ്റും പൂന്തോട്ടം ഒരുക്കി കായൽക്കാ​റ്റേ​റ്റ് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് രുചി നുകരാൻ ഇരിപ്പിടങ്ങളും തയ്യാറായിക്കഴിഞ്ഞു. കരമാർഗവും കായൽ മാർഗവും വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് എത്താൻ കഴിയുന്ന കേരളത്തിലെ അപൂർവം കെ.ടി.ഡി.സി റെസ്​റ്റോറന്റുകളിൽ ഒന്നാണിത്.

 താഴത്തെ നില മുഴുവനായും എയർ കണ്ടീഷൻ

 രണ്ടാം നില ഓപ്പൺ ഡെക്ക് സംവിധാനത്തിൽ

 ഒരു സമയം അൻപതു പേർക്കു ഭക്ഷണം കഴിക്കാം

 മോട്ടൽ ആരാമിന്റെ നവീകരണവും പൂർത്തിയായി

'നിലവിലെ ബോട്ട് മാതൃകയിലുള്ള റെസ്​റ്റോറന്റിൽ മാത്രമേ ബിയർ ആൻഡ് വൈൻ പാർലർ പ്രവർത്തിക്കൂ. പുതിയ പദ്ധതി വൈക്കത്തിന്റെ ടൂറിസം വികസനത്തിനു പുതിയ ഉണർവേകുമെന്നാണ് പ്രതീക്ഷ.'

- കെ.ടി.ഡി. സി. അധികൃതർ

നവീകരണ ചെലവ്

40 ലക്ഷം രൂപ

Advertisement
Advertisement