ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം; മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർ‌ത്തകർക്കുമെതിരെ കേസ്

Saturday 13 November 2021 9:03 PM IST

കോഴിക്കോട്: എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർ‌ത്തകരെ മർദ്ദിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ കേസ്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. മുൻ ഡിസിസി അദ്ധ്യക്ഷൻ യു. രാജീവൻ ഉൾപ്പടെ 20ഓളം പേർക്കെതിരെ കേസുണ്ട്.

കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിൽ രഹസ്യ യോഗം നടക്കുന്നതറിഞ്ഞാണ് മാദ്ധ്യമപ്രവർത്തകർ എത്തിയത്. മാദ്ധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചുപറിച്ച പ്രവർത്തകർ പ്രകോപനമൊന്നുമില്ലാതെ അവരെ ആക്രമിച്ചു. വനിതാ മാദ്ധ്യമ പ്രവർത്തകയെയും ഭീഷണിപ്പെടുത്തി. സംഭവത്തിൽ ആക്രമത്തിനിരയായ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഏഷ്യാനെ‌റ്ര് ന്യൂസിലെ സി.ആർ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവയ്‌ക്കുകയും മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ നമ്പ്യാരെ മർദ്ദിക്കുകയും ചെയ്‌തു. മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചവരോട് വിശദീകരണം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അറിയിച്ചു.

മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവം അനാവശ്യമാണെന്നും കു‌റ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് മുൻ ഡിസിസി പ്രസിഡന്റ് രാജീവൻ മാസ്‌റ്ററുടെ നേതൃത്വത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ യോഗം കൂടിയത്.

Advertisement
Advertisement