ചില വൈദികർ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു : വിശ്വാസ സംരക്ഷണ സമിതി

Saturday 13 November 2021 10:22 PM IST

ഇരിങ്ങാലക്കുട: വി. കുർബാനയുടെ ഐക്യവുമായി ബന്ധപ്പെട്ട് ചില വൈദികർ ഇടവകകളിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് രൂപത വിശ്വാസ സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. വി. കുർബാന ഐക്യവുമായി ബന്ധപ്പെട്ട് ഇടവകകളിൽ നിലനിൽക്കുന്ന അമ്പുതിരുനാളുകൾ ഇനി മുതൽ നടക്കില്ലെന്നും കുരിശിന്റെ വഴി പ്രാർത്ഥനയും ദേവാലയങ്ങളിലെ വിശുദ്ധരുടെ രൂപങ്ങൾ തുടങ്ങിയവ എടുത്തുമാറ്റുമെന്നും ഇടവകകളുടെ അൾത്താര പൂർണ്ണമായും പൊളിച്ചു മാറ്റേണ്ടിവരും എന്നതടക്കമുള്ള വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് രൂപത വിശ്വാസ സംരക്ഷണ മുന്നണി ചെയർമാൻ ജോഷി പുത്തിരിക്കൽ, ജന. കൺവീനർ ഷാജൻ ചക്കാലയ്ക്കൽ എന്നിവർ വാർത്താകുറിപ്പിൽ ആരോപിച്ചു.

യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വി.കുർബ്ബാന ഐക്യ രൂപവുമായി ബന്ധപ്പെട്ട് ഇടവകകളിൽ നടപ്പിലാക്കേണ്ടതില്ലെന്ന് സീറോ മലബാർ സിനഡും, രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടനും രൂപതാദിനത്തിൽ ഉറപ്പ് നൽകിയിട്ടുളളതാണ്. ഇത്തരം അവാസ്തവമായ പ്രചരണം അഴിച്ച്‌വിട്ട് വിശ്വാസികളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉചിതമല്ലെന്നും സംരക്ഷണസമിതി യോഗം വിലയിരുത്തി.

അവകാശ സംരക്ഷണ റാലി


ഇരിങ്ങാലക്കുട: ആറ് പതിറ്റാണ്ടായുള്ള ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്കാ സഭയിൽ ജനാധിപത്യമില്ലെന്ന വിമർശനം ഉയർത്തിയും രൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ രൂപതാ ബിഷപ്പ് ഹൗസിലേക്ക് അവകാശ സംരക്ഷണ റാലി. രൂപതയിലെ അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം മൗനജാഥയായിട്ടാണ് റാലി ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്നത്. വിശ്വാസികൾക്കായി പിതാക്കന്മാർ വാതിൽ തുറക്കുക, അട്ടിമറിയിലൂടെ എടുത്ത തീരുമാനം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ലാക്കാർഡുകളും കൈയിലേന്തി നടത്തിയ റാലിയിൽ സ്ത്രീകളും കുട്ടികളും അണിനിരന്നിരുന്നു. ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി കോ ഓർഡിനേറ്റർ ഷൈജു ആന്റണി പ്രതിഷേധറാലി ഉദ്ഘാടനം ചെയ്തു. വൈദിക സമിതി കൺവീനർ ഫാ. ജോൺ കവലക്കാട്ട് (സീനിയർ), വിൽസൻ കല്ലൻ, ആനി ഫെയ്ത്ത്, പി.എൻ ജോർജ്, എം.പി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement