സഹകരിച്ച് മുന്നോട്ട്

Sunday 14 November 2021 1:25 AM IST

സഹകരണ വാരാഘോഷത്തിന് ഇന്ന് തുടക്കം

2021ലെ സഹകരണ വാരാഘോഷത്തിന് ഇന്ന് തുടക്കമാകുകയാണ്.
ദേശസാല്കൃത ബാങ്കുകൾ പിന്മാറിയ ഇടങ്ങളിലൊക്കെ സാധാരണക്കാരന് കൈത്താങ്ങായി സഹകരണ മേഖലയാണ് ഉയർന്നു വന്നത്. ത്രിതല സംവിധാനത്തിൽ സഹകരണ മേഖല ശക്തി പ്രാപിച്ചു വളർന്ന് പന്തലിക്കുന്ന ഘട്ടത്തിലാണ് കൂടുതൽ പുരോഗമനപരമായ വ്യതിയാനങ്ങൾ വരുത്താനുള്ള തീരുമാനങ്ങളുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി വിദഗ്ദ്ധർ അടങ്ങുന്ന കമ്മിറ്റികൾ രൂപീകരിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ത്രിതല സംവിധാനത്തിൽ നിന്നും ദ്വിതല സംവിധാനത്തിലേയ്ക്കുള്ള മാറ്റം ചർച്ച ചെയ്യപ്പെടുന്നത്. ഇതോടെ ഒരു തലത്തിലുള്ള കമ്മിഷൻ, പലിശ ഇനങ്ങളിലുണ്ടാകുന്ന അധിക ചെലവ് എന്നിവ ഇല്ലാതാക്കാനും സഹകാരികൾക്ക് ലാഭകരമായ ഇടപാടുകൾ, പ്രത്യേകിച്ച് വായ്പകൾ ലഭ്യമാക്കാൻ കഴിയുമെന്ന നിലയിൽ എത്തുകയും ചെയ്തു. ഇതാണ് സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്ക് എന്ന ബ്രാൻഡ് നെയിമിൽ പ്രധാന ബാങ്കാക്കി മാറ്റുകയും ജില്ലാ ബാങ്കുകൾ ലയിപ്പിക്കുകയും ചെയ്തതിലൂടെ ലക്ഷ്യം വച്ചത്. കേരള ബാങ്കിൽ നിന്നും സഹകാരികൾക്ക് ലഭിക്കുന്ന ആധുനിക ബാങ്കിംഗ് സൗകര്യങ്ങളിൽ നിന്നും മലപ്പുറം ജില്ലയിലെ സഹകാരികളെ മാത്രം ഒഴിവാക്കി നിറുത്തുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചത് കൊണ്ടാണ് നിയമസഭാ സമ്മേളനത്തിൽ നിയമം പാസാക്കാൻ സർക്കാർ തയ്യാറായത്. പ്രതിപക്ഷം കൂടി യോജിക്കുകയും ബിൽ ഐക്യകണ്‌ഠേന പാസാക്കാൻ സഹകരിക്കുകയും ചെയ്തു. സഹകരണ മേഖലയിലെ ഐക്യത്തിന്റെ ഉത്തമ മാതൃകയാണ് ഇതിലൂടെ വ്യക്തമായത്.
കാർഷിക മേഖലയെ ഒഴിവാക്കി നിറുത്തി സഹകരണ മേഖലയ്ക്ക് മുന്നോട്ടു പോകാനാകില്ല. കാർഷിക മേഖലയും സഹകരണ മേഖലയുമായി നാഭീനാള ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ നയങ്ങളും നിലപാടുകളും നിശ്ചയിക്കുമ്പോൾ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകാറുണ്ട്. പാലക്കാട് ജില്ലയിൽ സഹകരണ മേഖലയിൽ സ്ഥാപിച്ച നെല്ലുൽപ്പാദന സംഭരണ സംസ്‌കരണ സഹകരണ സംഘം മാതൃകയിൽ കേരളത്തിലെ മറ്റ് ജില്ലകൾ പ്രവർത്തന മേഖലയാക്കി നിശ്ചിച്ച് സഹകരണ സംഘം ആരംഭിച്ചതും ഇതുകൊണ്ടായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പ്രാവർത്തികമാക്കിയ ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന മില്ലുകൾ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും പൂർണ സജ്ജമാകുന്നതോട സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്നും കർഷകർ രക്ഷനേടും. സംഭരിക്കുന്ന വിളയ്ക്ക് ന്യായമായ വില കിട്ടും. സംസ്‌കരിച്ചെടുക്കുന്ന അരി സർക്കാർ സ്ഥാപനങ്ങളിലൂടെ ന്യായമായ വിലയ്ക്ക് വിൽപ്പന നടത്താനും കഴിയും. ഇതോടെ മായം കലരാത്ത വിഷമയമല്ലാത്ത അരി സാധാരണക്കാർക്ക് ലഭ്യമാകും.
നൂറു ദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച മറ്റൊരു ആശയമായിരുന്നു യുവജന സഹകരണ സംഘങ്ങൾ. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. വിവിധ മേഖലകളിൽ നിന്നായി 29 സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തത്. സേവന മേഖലയിലും ഉദ്പാദന മേഖലയിലുമായി പ്രവർത്തനം തുടങ്ങിയ സംഘങ്ങൾ മികച്ച പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു.

പ്രളയവും കോവിഡും സമൂഹത്തെ പിടിച്ചുലച്ചപ്പോൾ കൈത്താങ്ങായി നിൽക്കാൻ സഹകരണ പ്രസ്ഥാനത്തിനു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടു ഘട്ടങ്ങളിലായി 226 കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. ഇതിനു പുറമെ പ്രളയത്തിലും അതിവർഷത്തിലും ഭവന രഹിതരായവർക്ക് വീടുകൾ വച്ചു നൽകാൻ തീരുമാനിച്ചപ്പോൾ 143.44 കോടി രൂപ കെയർ ഹോം പദ്ധതിക്ക് സംഭാവനയായി വിവിധ സഹകരണ സംഘങ്ങള്‍ നല്‍കി. 2074 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തിൽ ഭവനങ്ങൾ നിർമ്മിച്ചു നൽകിയത്. രണ്ടാം ഘട്ടം വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി 62.41 കോടി രൂപയാണ് സംഭാവനയായി നല്കിയത്. പ്രതിസന്ധി കാലങ്ങളിൽ സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്നതിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉന്നതസ്ഥാനത്താണ്.
സഹകരണ മേഖലയുടെ ഉന്നമനത്തിനായുള്ള ചർച്ചകൾക്കൊപ്പം പുതിയ പ്രതിസന്ധികളും ആശങ്കകളും കൂടി ചർച്ചയാകണം. പുതിയ സഹകരണ മന്ത്രാലയ രൂപീകരണത്തെ തുടർന്നുണ്ടായ കടുത്ത ആശങ്ക സുപ്രീം കോടതിയുടെ ഇടപെടലോടെ നീങ്ങിയെങ്കിലും പൂർണമായി ആശ്വസിക്കണമോ എന്നത് ചിന്തനീയമാണ്.ബദൽ സാമ്പത്തിക ശക്തിയായി സംസ്ഥാനത്തിന് പിന്തുണ നൽകുന്ന സഹകരണ പ്രസ്ഥാനങ്ങൾക്കെതിരെ ഒരിടപെടലുണ്ടായാൽ ശക്തമായ പ്രതിരോധം രാഷ്ട്രീയാധീതമായി ഉയർന്നു വരേണ്ടതാണ്. കാരണം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെ വളർത്തിയെടുത്തത് ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനമോ മുന്നണിയോ അല്ല. ഏറ്റ കുറച്ചിലുകളുണ്ടെങ്കിലും ഇരു പ്രമുഖ മുന്നണികളും സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവരവരുടേതായ സംഭാവനകൾ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിരോധത്തിനും ഈ രാഷ്ട്രീയാതീത ഐക്യമുണ്ടാകണം. ഇത്തവണ സഹകരണ വാരാഘോഷം ഇത്തരമൊരു കൂട്ടായ്മയ്ക്ക് കൂടി ശക്തിപകരുന്ന തരത്തിലാകട്ടെയെന്ന് പ്രത്യാശിക്കാം.

--

Advertisement
Advertisement