2020 ആവർത്തിക്കുമോ ? വാക്സിനെയും മറികടന്ന് വന്ന വഴി മറക്കാതെ കൊവിഡ് വീണ്ടും യൂറോപ്പിൽ, ലോകത്ത് മരണപ്പെടുന്നവരിൽ പകുതിയും ഇവിടെ

Sunday 14 November 2021 11:38 AM IST

ബ്രിട്ടൻ : കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലായിരുന്നെങ്കിലും ലോകം ഇതൊരു മഹാമാരിയാണെന്ന് തിരിച്ചറിഞ്ഞത് 2020 ആദ്യമാസങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയപ്പോഴാണ്. പ്രധാനമായും യൂറോപ്യൻ രാജ്യമായ ഇറ്റലിയെയാണ് കൊവിഡ് വലച്ചത്. ദിവസവും ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരണപ്പെടുന്നു എന്ന റിപ്പോർട്ടുകൾ ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ആശുപത്രിയിൽ കിടക്കകൾ നിറഞ്ഞതും, ശ്മശാനങ്ങളുടെ മുൻപിൽ കിലോമീറ്ററുകളോളും മൃതദേഹങ്ങളുമായി ആംബുലൻസുകളുടെ വരി നീണ്ടതുമെല്ലാം ഭയപ്പാടിന് ആക്കം കൂട്ടി. എന്നാൽ പിന്നീട് വന്ന മാസങ്ങളിൽ എത്രത്തോളം കരുതലെടുത്തെങ്കിലും കൊവിഡ് ലോകം മുഴുവൻ പടർന്നു. പിന്നീട് കൊവിഡിനെ നിയന്ത്രിക്കുന്നതിനുള്ള വാക്സിനിലായി ലോകത്തിന്റെ പ്രതീക്ഷ. ശാസ്ത്രലോകം ഈ ഉദ്യമത്തിൽ വിജയിക്കുകയും, ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് സമ്പന്നമായ യൂറോപ്യൻ രാജ്യങ്ങൾ വാക്സിനേഷൻ പ്രക്രിയയിൽ അതിവേഗം മുന്നോട്ട് പോവുകയും ചെയ്തു.

ഇപ്പോഴിതാ കൊവിഡ് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതി നിറയ്ക്കുകയാണ്. സമ്പൂർണ വാക്സിനേഷൻ കഴിഞ്ഞ രാജ്യങ്ങൾ ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകാനുള്ള പ്രവൃത്തികളാണ് ആസൂത്രണം ചെയ്യുന്നത്, ഇതിനൊപ്പം രോഗം നിയന്ത്രിക്കാൻ ലോക്ക്ഡൗണും ഏർപ്പെടുത്താൻ നീക്കമുണ്ട്. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. കഴിഞ്ഞ ഏഴു ദിവസത്തെ കൊവിഡ് മരണങ്ങളുടെ കണക്ക് പരിശോധിച്ചാൽ മരണപ്പെട്ടവരിൽ പകുതിയിലധികവും യൂറോപ്പിലാണ്. ജർമ്മനി, ഓസ്ട്രിയ, ഇറ്റലി, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് പിടിമുറുക്കിയിരിക്കുന്നത്. ജർമ്മനിയിൽ ദിവസം അമ്പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയാണുള്ളത്.

എന്നാൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലെ വേഗക്കുറവാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും കണക്കാക്കപ്പെടുന്നു. യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ടിട്ടുള്ള ചില രാജ്യങ്ങളിൽ കേവലം 65 ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്. യൂറോപ്പിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് സ്ഥിത് വളരെ അപകടത്തിലേക്ക് കൊണ്ടുപോകുമെന്ന മുന്നറിയിപ്പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകുന്നത്. എന്നാൽ കൊവിഡ് വാക്സിനുകളുടെ അഭാവമാണ് വർദ്ധനവിന് പിന്നിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വാദം. വാക്സിനെടുക്കാൻ ജനം മടിക്കുന്നതാണ് ഇതിന് കാരണം.

കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്നതിനാൽ ജർമ്മനിയും ഓസ്ട്രിയയും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പദ്ധതിയിടുകയാണ്. അതേസമയം മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ലോക്ക്ഡൗൺ ഒഴിവാക്കാൻ പ്രായമായവർക്കും പ്രതിരോധശേഷി ദുർബലമായവർക്കും ബൂസ്റ്റർ ഡോസുകൾ നൽകാൻ പദ്ധതിയിടുകയാണ്. വാകിസിൻ എടുത്തവരെയും കൊവിഡ് ബാധിക്കുമ്പോഴും പരമാവധി ആശുപത്രി വാസം ഒഴിവാക്കാനാവും എന്നതാണ് ആശ്വാസം.