നടൻ സോനുസൂദിന്റെ സഹോദരി പഞ്ചാബിൽ മത്സരിക്കും

Monday 15 November 2021 12:38 AM IST

ചണ്ഡീഗഢ്: സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദ്, അടുത്തവർഷമാദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മോഗയിൽ നടന്ന വാർത്താസമ്മേളനത്തിൽ സോനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, ഏത് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഈയടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്സ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി സോനുവിനെ കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ച പല ഊഹാപോഹങ്ങൾക്കും വഴിവച്ചിരുന്നു. സോനു പഞ്ചാബിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു വാർത്തകർ. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് പിന്നീട് സോനു വ്യക്തമാക്കിയിരുന്നു.