പാർലമെന്റിലെ നെഹ്​റു ജന്മവാർഷിക ചടങ്ങ്, സ്പീക്കറും കേന്ദ്രമന്ത്രിമാരും പങ്കെടുത്തില്ല, പ്രതിഷേധവുമായി പ്രതിപക്ഷം

Monday 15 November 2021 12:13 AM IST

ന്യൂഡൽഹി: രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്നലെ പാർലമെന്റിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ നിന്ന് സ്പീക്കറും മുതിർന്ന കേന്ദ്രമന്ത്രിമാരും വിട്ടുനിന്നു. സംഭവത്തിൽ കോൺഗ്രസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു.

പാർലമെന്റിൽ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയിൽ മുതിർന്ന കേന്ദ്രമന്ത്രിമാർക്ക് പുറമേ ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

നെഹ്‌റുവിന്റെ ജന്മദിനത്തിൽ എല്ലാവർഷവും പാർലമെന്റിലെ സെൻട്രൽ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുക പതിവാണ്.

രാജ്യസഭ കോൺഗ്രസ് ചീഫ് വിപ്പ് ജയ്‌റാം രമേശ് പ്രതിഷേധവുമായി രംഗത്തെത്തി.

'പാർലമെന്റിൽ സെൻട്രൽ ഹാളിൽ നടന്ന ജന്മ വാർഷിക പരിപാടിയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറി. ലോക്‌സഭ സ്പീക്കർ എത്തിയില്ല. രാജ്യസഭാ ചെയർമാനും എത്തിയില്ല. ഒരു കേന്ദ്രമന്ത്രിപോലും സന്നിഹിതനായിരുന്നില്ല. ഇതിനേക്കാൾ കൂടുതൽ ക്രൂരത മറ്റെന്തുണ്ട്?' - ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.

മറ്റു പ്രതിപക്ഷ നേതാക്കളും ഭരണപക്ഷ നേതാക്കളുടെ നടപടിയെ അപലപിച്ചു.

' പാർലമെന്റ് ഉൾപ്പെടെ ഇന്ത്യയുടെ മഹത്തായ സ്ഥാപനങ്ങളെല്ലാം ഓരോ ദിവസവും ബി.ജെ.പി ഭരണം തകർക്കുകയാണെന്ന്' മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തു.

ഇന്നലെ രാവിലെ നടന്ന അനുസ്മരണ ചടങ്ങിൽ കേന്ദ്രസഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ, ലോക്‌സഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവർ പങ്കെടുത്തു.

അതിനിടെ, 'പണ്ഡിറ്റ് ജവഹർലാൽ നെഹ്രുജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ" എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.

1966 മേയ് അഞ്ചിന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണനാണ് ജവഹർലാൽ നെഹ്‌റുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് പരിപാടിയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

Advertisement
Advertisement