വേരറ്റു പോകുന്നു ആ സംസ്കൃതി

Monday 15 November 2021 12:22 AM IST

കല്യാശ്ശേരി: നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് മൂകസാക്ഷിയായ കീച്ചേരിയിലെ കൂറ്റൻ ആൽമരം വികസനത്തിന് വഴിമാറി വിസ്മൃതിയിലേക്ക്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഈ മരമുത്തശ്ശിയും ഭൂതകാല ചരിത്രമാകും.

എത്രയോ ചരിത്ര സംഭവങ്ങൾ... ,പ്രമുഖരായ നേതാക്കളുടെ സംഗമകേന്ദ്രം... വലിയൊരു ജൈവീക ആവാസകേന്ദ്രം,... 24 മണിക്കൂറും വാഹനങ്ങൾ കുതിക്കുന്ന രാജവീഥിക്ക് തണലൊരുക്കുന്ന നിസ്വാർത്ഥ സേവകൻ... തുടങ്ങി നിരവധി വിശേഷണങ്ങൾ ഈ ആൽമരത്തിന് ചാർത്താം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് നിരവധി നേതാക്കളുടെ കൂടിച്ചേരലുകളും ചെറുതും വലുതുമായ ഒട്ടേറെ യോഗങ്ങളും ഈ ആൽമരച്ചുവട്ടിലാണ് നടന്നത്.
ഇന്ന് 90 വയസ്സ് പ്രായമുള്ളവർ അടക്കം നന്നേ ചെറുപ്പത്തിൽ തന്നെ പാതയോരത്ത് ഈ ആൽമരം തലയുയർത്തി നിൽക്കുന്നത് കാണുന്നവരാണ്. അതിനാൽ ഈ മത്തശ്ശിയുടെ പ്രായം ഗണിക്കാൻ സാധ്യമല്ല. എങ്കിലും ഒന്നര നൂറ്റാണ്ടായി ഈ ആൽമരം കീച്ചേരിക്ക് തിലകച്ചാർത്തായി നില കൊള്ളുന്നതായി ഉറപ്പിക്കാം.
കീച്ചേരിയിലെ ആൽമരവും സമീപമരങ്ങളും നൂറു കണക്കിന് പക്ഷിജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. എന്നാൽ പാതാ വികസനത്തിന്റെ ഭാഗമായി ഇന ആവാസ വ്യവസ്ഥ പൂർണമായും വിസ്മൃതിയിലാകും. നിലവിൽ കീച്ചേരിയിൽ ഓട്ടോ ടാക്സി സ്റ്റാൻഡും വഴിയോര വാണിഭവും നടക്കുന്ന പ്രധാന കേന്ദ്രവും ഈ ആൽമര ചുവട് തന്നെയാണ്.

നിലവിലെ ദേശീയ പാതയുടെയും പഴയ രാജപാതയുടെയും കാവലാളായി...സാക്ഷിയായി...നിലകൊള്ളുന്ന മരമുത്തശ്ശിക്ക് വിട നൽകാൻ നാട് മനസ്സില്ലാമനസ്സോടെ കാത്തിരിക്കുകയാണ്.

1940 സപ്തംബർ 15

സ്വാതന്ത്ര്യസമരം കത്തിപ്പടരുന്ന 1920- 1947 കാലഘട്ടത്തിൽ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും മഹാരഥന്മാരായ സ്വാതന്ത്ര്യസമര നേതാക്കളുടെ കൂടിച്ചേരലുകളുടെയും കേന്ദ്രമായിരുന്നു ഈ ആൽമര ചുവട്. ബ്രിട്ടീഷ് സാമ്രാജ്യത്വം രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സപ്തംബർ 15ന് സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ അന്നത്തെ സർക്കാർ അത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. നിരോധനം ലംഘിച്ചു കൊണ്ട് കീച്ചേരിയിൽ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ ഒരു വൻ പൊതുയോഗം ചേരാൻ തീരുമാനിച്ചു. എന്നാൽ യോഗം നിരോധിച്ചതിനാൽ അഞ്ചാംപീടികയിലേക്ക് പൊതുയോഗം മാറ്റിയെങ്കിലും സമര ഭടന്മാർ ഈ ആൽമര ചുവട്ടിൽ സംഗമിച്ചാണ് അഞ്ചാംപീടികയിലേക്ക് നീങ്ങിയത്.

Advertisement
Advertisement