ഡെങ്കി രോഗ മുക്തനിൽ അപൂർവ ഫംഗസ് ബാധ

Monday 15 November 2021 3:44 AM IST

ന്യൂഡൽഹി: ഡെങ്കിപ്പനിയിൽ നിന്ന് രോഗ മുക്തി നേടിയ ഗ്രേറ്റർ നോയിഡ സ്വദേശിയിൽ അപൂർവ ബ്ളാക്ക് ഫംഗസ് ബാധ (മ്യൂകോർമൈകോസിസ്) കണ്ടെത്തി. 15 ദിവസം മുമ്പ് രോഗമുക്തി നേടിയ താലിബ് മുഹമ്മദാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഡെങ്കി മുക്തരായവരിൽ അപൂർവങ്ങളിൽ അപൂർവമാണിത്.

നേരത്തെ, കൊവിഡ് രോഗ മുക്തരായവരിൽ ഇത്തരത്തിൽ കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ബ്ളാക്ക് ഫംഗസ് ബാധിച്ചിരുന്നു. ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതിനെ തുടർന്ന് താലിബ് ചികിത്സ തേടി എത്തിയപ്പോഴാണ് അപൂർവ ഫംഗസ് ബാധ ശ്രദ്ധയിൽപ്പെട്ടതെന്ന് ആശുപത്രിയിലെ സീനിയർ ഇ.എൻ.ടി കൺസൾട്ടന്റ് ഡോ. സുരേഷ് സിംഗ് നരൂക പറഞ്ഞു.

പ്രമേഹം, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ, മറ്റു അണുബാധയുള്ളവർ എന്നിവരിൽ മാത്രമാണ് പൊതുവായി ഇത്തരത്തിൽ ഫംഗസ് ബാധയുണ്ടാകുന്നത്. ചികിത്സ വൈകുന്നത് ആരോഗ്യനില കൂടുതൽ ഗുരുതരമാകാനിടയുണ്ടെന്നും ഡോക്ടർ പറഞ്ഞു. കൊവിഡ് രണ്ടാംതരംഗത്തിൽ രോഗ മുക്തി നേടിയവരിൽ വ്യാപകമായി ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. ആരോഗ്യ പ്രശ്നമുള്ളവർ, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

Advertisement
Advertisement