ഈരാറ്റുപേട്ടക്കു പിന്നാലെ കോട്ടയവും തിരിച്ചു പിടിച്ച് കോൺഗ്രസ്

Tuesday 16 November 2021 12:00 AM IST

കോട്ടയം: നാട്ടകം സുരേഷ് കോട്ടയം ഡി.സി.സി പ്രസിഡന്റായതിന് പിറകേയായിരുന്നു ഈരാറ്റു പേട്ട, കോട്ടയം നഗരസഭകൾ അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിന് നഷ്ടമായത്. രണ്ടു നഗരസഭകളിലും ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലൂടെ വീണ്ടും യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചതിന്റെ നേട്ടം ഡി.സി.സി നേതൃത്വത്തിനാണ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുടെയും കോട്ടയത്ത് ബി.ജെ.പിയുടെയും പിന്തുണ ലഭിച്ച ഇടതുമുന്നണിക്കെതിരെ വർഗീയത ആരോപിക്കാനും കോൺഗ്രസിനായി.

ഇരു മുന്നണിക്കും തുല്യ വോട്ടായതിനാൽ കോട്ടയത്ത് കയ്യാലപ്പുറത്തെ തേങ്ങപോലെയായിരുന്നു ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്. കൊവിഡ് ബാധിതനായ കൗൺസിലറെ പി.പി.ഇ കിറ്റ് ഇട്ട് ആംബുലൻസിൽ കൊണ്ടു വന്നായിരുന്നു ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വോട്ടു ചെയ്യിച്ചത്. ഹൃദ്രോഗബാധിതനായി ഐ.സി.യുവിലായ സി.പി.എം കൗൺസിലറെ ഇന്നലെ കൊണ്ടു വന്ന് വോട്ട് ചെയ്യിക്കുന്നതിലെ അപകട സാദ്ധ്യത മുന്നിൽ കണ്ട് നഗരസഭാ ഭരണം നഷ്ടപ്പെട്ടാലും ആ സാഹസം വേണ്ടെന്ന് സി.പി.എം നേതൃത്വം തീരുമാനിക്കുകയായിരുന്നു.

യു.ഡി.എഫിലെ ഒരു കൗൺസിലറുടെ പ്രസവ തീയതി അടുത്ത ദിവസമായിരുന്നു . എന്നാൽ പ്രസവം പറഞ്ഞ തീയതിക്കു മുമ്പ് നടന്നതും യു.ഡി.എഫിന് ഭാഗ്യമായി. അല്ലെങ്കിൽ ആ വോട്ടും ചെയ്യാൻ കഴിയാതെ ഇരു മുന്നണിക്കും രണ്ട് പേരുടെ അസാന്നിദ്ധ്യത്തിൽ തുല്യ വോട്ട് ലഭിച്ചു വീണ്ടും ചെയർമാൻ തിരഞ്ഞെടുപ്പിന് നറുക്കെടുപ്പെന്ന ഭാഗ്യ പരീക്ഷണം നടത്തേണ്ടി വന്നേനേ.

ബിൻസി സെബാസ്റ്റ്യൻ വീണ്ടും ചെയർപേഴ്സൺ ആകുന്നതിനോട് കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പായിരുന്നു. നേരത്തേ അഞ്ചു വർഷ കരാർ ഉണ്ടാക്കിയതിനാൽ മറ്റൊരാളെ പരിഗണിക്കാനും കോൺഗ്രസിന് കഴിയുമായിരുന്നില്ല. ബിൻസിക്ക് വോട്ട് ചെയ്യണമെന്ന വിപ്പ് പുറപ്പെടുവിച്ചതിന് പുറമേ ആരെങ്കിലും വോട്ട് അസാധുവാക്കിയാലും കൂറുമാറ്റ നിരോധന നിയമം വഴി അംഗത്വം റദ്ദാക്കാൻ പരാതി നൽകുമെന്ന മുന്നറിയിപ്പും ഡി.സി.സി നേതൃത്വം നൽകിയിയിരുന്നു. കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഏക അംഗം ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ടിരുന്നു . സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന ഉറപ്പ് വോട്ട് ഇടതു പക്ഷത്തേക്ക് മറിയാനുള്ള സാഹചര്യവും ഒഴിവാക്കി.

' ഈരാറ്റുപേട്ട , കോട്ടയം നഗരസഭകൾ ഡി.സി.സി പ്രസിഡന്റായ ശേഷം തിരിച്ചു പിടിക്കാൻ കഴിഞ്ഞത് നേട്ടമായി. ഈരാറ്റുപേട്ടയിൽ ഇടതു അവിശ്വാസപ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് അംഗത്തെ തിരിച്ചു കൊണ്ടു വന്ന് വോട്ടു ചെയ്യിക്കാൻ കഴിഞ്ഞു. കോട്ടയം നഗരസഭയിൽ ബിൻസിയുടെ വിജയം സി.പി.എമ്മിന്റെ അവിശുദ്ധ ബാന്ധവത്തിനുള്ള മറുപടി ആണ് .

- നാട്ടകം സുരേഷ്,

ഡി.സി.സി പ്രസിഡന്റ്

Advertisement
Advertisement