ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കർഷകരെ പഴിചാരേണ്ട: സുപ്രീംകോടതി, ഡൽഹി സർക്കാരിന് രൂക്ഷ വിമർശനം, സംസ്ഥാനങ്ങളുടെ അടിയന്തര യോഗം ഇന്ന്

Tuesday 16 November 2021 12:56 AM IST

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണെന്ന വാദം തള്ളി കേന്ദ്ര സർക്കാരും സുപ്രീംകോടതിയും. കാർഷികാവശിഷ്ടങ്ങളും വൈക്കോലും കത്തിക്കുന്നത് കൊണ്ട് പത്തു ശതമാനം അന്തരീക്ഷ മലിനീകരണം മാത്രമാണുണ്ടാകുന്നതെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു.

'ശാസ്ത്രീയ അടിസ്ഥാനമില്ലാതെയാണ് കർഷകരെ പഴിചാരുന്നത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം വ്യവസായങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും നിരത്തുകളിലെ വാഹനപ്പെരുപ്പവും പൊടിയുമാണ്.'- സുപ്രീംകോടതി വ്യക്തമാക്കി.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡൽഹി സ്വദേശി അതിഥ്യ ദുബെ സമർപ്പിച്ച റിട്ട് ഹർജിയിൽലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായി ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

വിഷയത്തിൽ ഉടൻ നടപടിയെടുക്കാനായി ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെയും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുടെയും അടിയന്തരയോഗം ഇന്ന് വിളിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേസ് 23ന് വീണ്ടും പരിഗണിക്കും.

കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്ന് ഹർജിക്കാരനായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പിനെ കരുതിയാണ് കർഷകർക്കെതിരെ നടപടി കൈകൊള്ളാത്തതെന്നും വാദിച്ചു. എന്നാൽ രാഷ്ട്രീയം തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് നിരീക്ഷിച്ച കോടതി, ഭീകരമായ പ്രതിസന്ധിക്ക് നടുവിലാണ് ഡൽഹിയെന്നും അതിൽ നിന്ന് എങ്ങിനെ പുറത്ത് കടക്കാമെന്ന് ആലോചിക്കാനും നിർദ്ദേശിച്ചു.

ഡൽഹി സർക്കാരിന് വിമർശനം

അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹി സർക്കാരിനെ കോടതി കണക്കിന് വിമർശിച്ചു. റോഡിലെ പൊടിയും മറ്റും നീക്കം ചെയ്യാൻ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

'മുനിസിപ്പൽ കോർപ്പറേഷനെ പഴി ചാരി ഉത്തരവാദിത്വത്തിൽ നിന്നൊഴിയരുത്. അർത്ഥമില്ലാത്ത ഒഴിവുകഴിവുകൾ പറഞ്ഞൊഴിഞ്ഞാൽ പരസ്യത്തിനും പ്രചാരണത്തിനും വേണ്ടി ഡൽഹി സർക്കാർ എത്ര തുക ഇതിനോടകം ചെലവഴിച്ചു എന്നതിന്റെ ഓഡിറ്റ് നടത്താനുള്ള ഉത്തരവിടാൻ നിർബന്ധിതരാകും.' ഡൽഹിയിലും പരിസരപ്രദേശത്തും അന്തരീക്ഷ മലിനീകരണം തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാത്തതിന് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മിഷനെയും സുപ്രീംകോടതി കുറ്റപ്പെടുത്തി. കമ്മിഷൻ യോഗം ചേരുമ്പോൾ അജണ്ട വരെ കോടതി നിശ്ചയിച്ചു നൽകേണ്ട നിർഭാഗ്യകരമായ അവസ്ഥയാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മലിനീകരണം നിയന്ത്രിക്കുന്നതിന് വ്യക്തമായ കർമപദ്ധതി തയാറാക്കി നൽകണമെന്നും കോടതി കേജ്‌രിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

മലിനീകരണ തോത് ശതമാനത്തിൽ (ശൈത്യം - വേനൽക്കാലം)​

  • കാർഷിക അവശിഷ്ടം : 4 - 7
  • വ്യാവസായികം: 30 ​ -22
  • ഗതാഗതം : 28 - 17
  • പൊടി : 17 ​ -38
  • റെസിഡൻഷ്യൽ സെക്ടർ: 10 -8
  • മറ്റുള്ളവ :11 -8
Advertisement
Advertisement