യു.പിയിൽ പശുക്കൾക്ക് ആംബുലൻസ് സർവീസ്

Tuesday 16 November 2021 12:11 AM IST

ന്യൂഡൽഹി: രാജ്യത്താദ്യമായി പശുക്കൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഗുരുതരരോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പശുക്കൾക്കായാണ് പ്രത്യേക ആംബുലൻസ് സർവീസ് ഒരുക്കുന്നതെന്ന് ഉത്തർപ്രദേശ് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു. അപകടത്തിൽപ്പെടുന്ന പശുക്കളെ മൃഗാശുപത്രിയിലെത്തിക്കാനും സംവിധാനമുണ്ട്. ഫോൺ വിളിച്ച് 15-20 മിനിട്ടിനുള്ളിൽ ആംബുലൻസ് പശുക്കളുടെ അടുത്തെത്തും. ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ആംബുലൻസിലുണ്ടാകും. 515 ആംബുലൻസുകൾ പദ്ധതിക്കായി സജ്ജമാക്കി.

ലക്‌നൗവിൽ പ്രത്യേക കാൾ സെന്ററും ആരംഭിക്കും. ആളുകളുടെ പരാതി ഇവിടെ സ്വീകരിക്കും.

ഡിസംബറിൽ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തിൽ മഥുര ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.