സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം

Tuesday 16 November 2021 12:16 AM IST

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ നൈനിറ്റാളിലെ വീട് ഒരു സംഘം ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച് തീയിട്ടു. അക്രമികൾ ജനൽചില്ലകളും മറ്റും എറിഞ്ഞുടയ്ക്കുകയും തീയിട്ട് വീടിന് കേടുവരുത്തുകയും ചെയ്‌തു. വാതിലും മറ്റും കത്തിനശിച്ചു. അയോദ്ധ്യ പ്രമേയമാക്കി തീവ്ര ഹിന്ദുത്വത്തെയും ഇസ്ളാം മൗലികവാദത്തെയും താരതമ്യം ചെയ്യുന്ന ഖുർഷിദിന്റെ പുതിയ പുസ്തകത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് സംഭവം. ബി.ജെ.പി നേതാവ് രാകേഷ് കപിൽ അടക്കം 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. തീവ്രഹിന്ദുത്വം അപകടമാണെന്ന തന്റെ വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് സംഭവമെന്ന് ഖുർഷിദ് പ്രതികരിച്ചു.

ബി.ജെ.പി കൊടിയേന്തിയ പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറുന്നതിന്റെ വീഡിയോ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടു. ഇന്ത്യയുടെ അഭിമാനമായ ഒരു വ്യക്തിയുടെ വീടിനു നേരെയുണ്ടായ അക്രമണം അപമാനകരമാണെന്ന് ശശി തരൂർ പ്രതികരിച്ചു.