ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് ഖത്തർ

Tuesday 16 November 2021 2:15 AM IST

ദോഹ: ഖത്തറിൽ കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസെടുത്ത് ആറ് മാസത്തിൽ കൂടുതൽ ആയവർക്ക് ബൂസ്റ്റർ ഡോസെടുക്കാം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് നിർദ്ദേശം. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് ആറ് മാസം കഴിയുമ്പോഴേയ്ക്കും ശരീരത്തിലെ കൊവിഡ് പ്രതിരോധ ശേഷി മിക്കവർക്കും കുറയുന്നതായുള്ള ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഇതുവരെ രണ്ടാമത്തെ ഡോസെടുത്ത് എട്ട് മാസത്തിൽ കൂടുതൽ ആയവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.

രണ്ടാമത്തെ ഡോസെടുത്ത് 12 മാസത്തിനകം ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുത്തിരിക്കണം. ഇക്കാര്യത്തിൽ കാലതാമസം പാടില്ല. വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവർ ബൂസ്റ്റർ ഡോസ് എടുത്തതിന് ശേഷമേ യാത്ര ചെയ്യാവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.

ബൂസ്റ്റർ ഡോസിന് അർഹരായവരെ പ്രാഥമിക പരിചരണ കോർപ്പറേഷൻ അധികൃതർ നേരിട്ട് ബന്ധപ്പെടും. അധികൃതരുടെ അറിയിപ്പ് ലഭിക്കാത്തവരുണ്ടെങ്കിൽ 4027 7077 ൽ വിളിച്ച് അനുമതി തേടാം. അല്ലെങ്കിൽ പി.എച്ച്‌.സി.സിയുടെ നർ ആ കോം എന്ന മൊബൈൽ ആപ്പ് മുഖേനയും അനുമതി തേടാം.

Advertisement
Advertisement