ഗാന്ധി പ്രതിമ തകർത്തത് രാജ്യത്തിന് അപമാനം: ആസ്ട്രേലിയൻ പ്രധാനമന്ത്രി

Tuesday 16 November 2021 3:41 AM IST

മെൽബൺ: ഇന്ത്യൻ സർക്കാർ സമ്മാനിച്ച മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ നശിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ. ഇത് ഇന്ത്യൻ - ആസ്‌ട്രേലിയൻ സമൂഹത്തിൽ ഞെട്ടലും നിരാശയും സൃഷ്​ടിച്ചു. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കോൺസൽ ജനറൽ രാജ് കുമാറും മറ്റ് ആസ്‌ട്രേലിയൻ നേതാക്കളും പ​ങ്കെടുത്ത ചടങ്ങിൽ മോറിസൺ വെള്ളിയാഴ്ചയാണ്​ റോവില്ലിലെ ആസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ പ്രതിമ അനാച്ഛാദനം ചെയ്‌തത്​. മണിക്കൂറുകൾക്ക് ശേഷം അജ്ഞാതരാൽ പ്രതിമ തകർക്കപ്പെട്ടു​. ഇത്തരത്തിലുള്ള അനാദരവ് കാണുന്നത് അപമാനകരവും അങ്ങേയറ്റം നിരാശാജനകവുമാണ്. രാജ്യത്ത് സാംസ്കാരിക സ്മാരകങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല. ഇതിന് ഉത്തരവാദികളായവർ ആസ്‌ട്രേലിയൻ - ഇന്ത്യൻ സമൂഹത്തോട് അനാദരവ് കാണിച്ചു. അവർ ലജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.