ലഖിംപൂര്‍ കേസ്: അന്വേഷണ സംഘത്തിൽ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും

Tuesday 16 November 2021 12:18 AM IST

ജഡ്ജിയെ നിയമിക്കാമെന്ന് യു.പി സർക്കാർ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിയായ ലഖിംപൂർ ഖേരി കൂട്ടക്കൊലക്കേസിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ പുനഃക്രമീകരിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു. യു.പി. പൊലീസിന്റെ അന്വേഷണത്തിൽ വീണ്ടും അതൃപ്തി അറിയിച്ചു കൊണ്ടാണിത്. യു.പി കേഡറിലുള്ളവരും എന്നാൽ സംസ്ഥാനത്തുള്ളവരുമല്ലാത്ത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകൾ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്താനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.

നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ ലഖിംപൂരിൽ നിന്നുള്ളവർ മാത്രമാണെന്ന് ജസ്റ്റിസ് സൂര്യകുമാർ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനുള്ള ജഡ്ജിയെ നിശ്ചയിക്കുന്നതിന് ഉൾപ്പടെ കേസ് ബുധനാഴ്ച പരിഗണിക്കും.
ലഖിംപൂരിൽ കൊല്ലപ്പെട്ട ബി.ജെ.പി. പ്രവർത്തകൻ ശ്യാം സുന്ദറിന്റെ മരണം വിരമിച്ച സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശ്യാമിന്റെ ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അരുൺ ഭരദ്വാജ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്നും ഏത് ജഡ്ജിയാണ് ചുമതല ഏറ്റെടുക്കാൻ തയാറുള്ളതെന്ന് പരിശോധിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി. നേരത്തെ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സുപ്രീംകോടതി നിരാകരിച്ചിരുന്നു.

Advertisement
Advertisement