ഐ എസ് ഐയ്ക്ക് രഹസ്യം ചോർത്തി; ജവാൻ അറസ്റ്റിൽ
Tuesday 16 November 2021 12:45 AM IST
ന്യൂഡൽഹി: പാക് ചാര സംഘടനയായ ഐ.എസ്.ഐയ്‌ക്ക് രഹസ്യവിവരങ്ങൾ കൈമാറിയതിന് കരസേനാ ജവാൻ ബീഹാറിൽ അറസ്റ്റിലായി. പൂനെ മെഡിക്കൽ വിഭാഗത്തിൽ ജോലിചെയ്യുന്ന ബീഹാർ നളന്ദ സ്വദേശി ഗണേശ് കുമാറാണ് പിടിയിലായത്. ഐ.എസ്.ഐയുടെ വനിതാ ഏജന്റ് ഹണിട്രാപിൽ കുടുക്കി രഹസ്യങ്ങൾ ചോർത്തിയെന്നാണ് വിവരം.
ഇന്ത്യൻ നേവിയിലെ മെഡിക്കൽ ജീവനക്കാരി എന്ന വ്യാജേനെ രണ്ടു വർഷം മുമ്പാണ് വനിതാ ഏജന്റ് വാട്ട്‌സ്ആപ്പ് വഴി ഗണേശുമായി ബന്ധപ്പെടുന്നത്. സൈനിക യൂണിറ്റുകളുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ ചോർത്തി. ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തിയെന്നാണ് വിവരം. തന്ത്രപ്രധാന സൈനിക വിവരങ്ങൾ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മിലിട്ടറി ഇന്റലിജൻസും ഭീകരവിരുദ്ധ സ്ക്വാഡും ചോദ്യം ചെയ്തു വരികയാണ്.