99 രാജ്യങ്ങൾക്ക് ക്വാറന്റൈൻ ഇളവ്

Monday 15 November 2021 10:54 PM IST

ന്യൂഡൽഹി: ക്വാറന്റൈൻ ഒഴിവാക്കി ഇന്ത്യയിൽ കഴിയാൻ 99 രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് അനുമതി നൽകി. ഇവർ

കൊവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവരായിരിക്കണം.

യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി, ഇസ്രായേൽ, ഖത്തർ, സിംഗപ്പൂർ യു.എ.ഇ എന്നിവയടക്കം ഇത്രയും രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്കും ഈ ആനുകൂല്യം നൽകിയ പശ്ചാത്തലത്തിലാണിത്.

ഫിലിപ്പൈൻസ്, സ്‌പെയിൻ, ആസ്ട്രേലിയ, കുവൈറ്റ്, ബഹ്‌റൈൻ, മാലിദ്വീപ്, ഒമാൻ, അർജന്റീന, ബെൽജിയം, ബംഗ്ളാദേശ്, ഫിൻലാൻഡ്, ക്രോയേഷ്യ, ഹങ്കറി, റഷ്യ, ശ്രീലങ്ക, തുർക്കി, സിംബാബ്‌വേ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളും ഈ കാറ്റഗറിയിലുണ്ട്. വാക്‌സിൻ എടുത്തെന്ന് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യുകയും 72 മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണം.

കൊവിഡ് അപകട സാദ്ധ്യതയുള്ള വിഭാഗത്തിലാണെങ്കിലും യു.കെ, സിംഗപ്പൂർ, ബംഗ്ളാദേശ്, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എ വിഭാഗത്തിന്റെ ഇളവ് നൽകുകയായിരുന്നു. ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബോട്ട്സ്‌വാന, ന്യൂസിലൻഡ്, മൗറീഷ്യസ് രാജ്യങ്ങളാണ് അപകടസാദ്ധ്യതാ വിഭാഗത്തിലുള്ള മറ്റ് രാജ്യങ്ങൾ.

Advertisement
Advertisement