രാജ്യസഭാ തിരഞ്ഞെടുപ്പ്: ജോസ് പത്രിക നൽകി

Tuesday 16 November 2021 12:01 AM IST

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജനുവരിയിൽ ജോസ് തന്നെ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ഇന്നലെ രാവിലെ 11.30ന് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എ, മന്ത്രിമാരായ ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, കേരള കോൺഗ്രസ് എം ജനറൽസെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. സൂക്ഷ്മപരിശോധന 17ന്. പിൻവലിക്കാനുള്ള അവസാന തീയതി 22. എതിർസ്ഥാനാർത്ഥിയുണ്ടെങ്കിൽ 29ന് രാവിലെ 9 മുതൽ നാല് വരെ വോട്ടെടുപ്പ് നടക്കും.