ഭീകരാവസ്ഥ സൃഷ്‌ടിക്കുന്നവരെ നിലയ്ക്ക് നിറുത്തണം: ആർ.എസ്.എസ്
കൊച്ചി: ഭീകരാവസ്ഥ സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെ നിലയ്ക്ക് നിറുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ ആവശ്യപ്പെട്ടു.
ആർ.എസ്.എസ് പാലക്കാട് തേനാരി മണ്ഡൽ ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിനെ കൊലചെയ്തത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പട്ടാപ്പകൽ ഭാര്യയുടെ മുന്നിലാണ് 27 കാരനെ വെട്ടിക്കൊന്നത്. 2009ൽ തന്നെ സഞ്ജിത്തിനെ ലക്ഷ്യമിട്ടിരുന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐയുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ. മൂന്ന് തവണ വധശ്രമം നടന്നെങ്കിലും കുറ്റവാളികൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ പൊലീസ് തയ്യാറാകാത്തതാണ് കൊലപാതകികൾക്ക് പ്രോത്സാഹനമായത്. അക്രമികൾ സഞ്ചരിച്ച കാറോ പ്രതികളെയോ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അക്രമികൾക്ക് പൊലീസിലെ ഒരു വിഭാഗത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയ്ക്ക് തെളിവാണിത്.
തൃശ്ശൂരിൽ ബിജു കൊല്ലപ്പെട്ട് ഒരുമാസം തികയും മുമ്പാണ് സഞ്ജിതിന്റെ കൊലപാതകം. ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ അല്ല. കൊലയാളികളെയും കൊല്ലിച്ചവരെയും പിടികൂടി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും പി.എൻ. ഈശ്വരൻ ആവശ്യപ്പെട്ടു.