വിവാഹ മോചനത്തിന് തയ്യാറാകാത്ത നവവരന് നേരെ ക്രൂരമർദ്ദനം; ജനനേന്ദ്രിയത്തിലടക്കം ഗുരുതര പരിക്ക്, മൂന്നുപേർ കസ്‌റ്റഡിയിൽ

Monday 15 November 2021 11:28 PM IST

മലപ്പുറം: നവവരന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കൾ നടത്തിയ മർദ്ദനത്തിൽ ഗുരുതര പരിക്ക്. ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ യുവാവിനെ പൊലീസെത്തി രക്ഷിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി അബ്‌ദുൾ അസീബിനാണ് പരിക്കേ‌റ്റത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബ്‌ദുൾ അസീബിനെ അവിടെ നിന്നും തട്ടിക്കൊണ്ടുപോയി ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലെത്തിച്ച് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലാൻ നിർബന്ധിച്ചു. വിവാഹമോചനത്തിന് തയ്യാറാണെന്ന് എഴുതിവാങ്ങാനും ശ്രമിച്ചെങ്കിലും അബ്‌ദുൾ അസീബ് തയ്യാറായില്ല. തുടർന്ന് കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്താൻ ശ്രമിക്കുകയും ആസിഡ് മുഖത്തൊഴിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

മർദ്ദനത്തിനിടെ ദേഹമാസകലം മുറിവുണ്ടായി. ജനനേന്ദ്രിയത്തിലും മർദ്ദിച്ചു. തുടർന്ന് തട്ടിക്കൊണ്ടുപോയ വിവരം അസീബിന്റെ സുഹൃത്തുക്കൾ പൊലീസിനെ അറിയിച്ചു. കോട്ടയ്‌ക്കൽ പൊലീസ് സ്ഥലത്തെത്തി അസീബിനെ രക്ഷിക്കുകയായിരുന്നു. ഒന്നരമാസം മുൻപ് മാത്രമാണ് അസീബ് വിവാഹിതനായത്. ഇതിനിടെ ഭാര്യയുമായി ചെറിയൊരു അഭിപ്രായവ്യത്യാസമുണ്ടായി. ഇത് പരിഹരിക്കാനുള‌ള ശ്രമത്തിനിടെയാണ് അസീബിനെ തട്ടിക്കൊണ്ടുപോയതും ആക്രമിച്ചതും.