മഴയും കാറ്റും ശക്തമാകുമെന്ന് കാർഷിക സർവകലാശാല

Tuesday 16 November 2021 12:50 AM IST

തൃശൂർ: ഇടിമിന്നലോട് കൂടിയ തുടർച്ചയായ മഴയ്ക്കും ശക്തിയായ കാറ്റിനും സാദ്ധ്യതയുള്ളതായി കാർഷികപ്രവർത്തനങ്ങൾ കഴിവതും ഒഴിവാക്കി സുരക്ഷിതരായിരിക്കാൻ ശ്രമിക്കണമെന്നും കാർഷിക സർവകലാശാല കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും, നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാം. പ്രധാനറോഡുകളിൽ വെള്ളം ഒഴുകിപ്പോകാൻ ചെറിയ ഡ്രെയിനേജ് ചാനലുകൾ തുറക്കണം. വേണ്ടിവന്നാൽ വെള്ളക്കെട്ട് ബാധിതപ്രദേശത്തുള്ള ആളുകൾ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറണം. തുടർച്ചയായ മഴ മനുഷ്യരെയും, കന്നുകാലികളെയും, വിളകളെയും പ്രതികൂലമായി ബാധിക്കാം. താഴ്ന്നപ്രദേശങ്ങളിലെ നെല്ല്, തെങ്ങ്, വാഴ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ മുതലായ വിളകൾക്ക് നീർവാഴ്ച സൗകര്യം ക്രമീകരിക്കണം. വാഴത്തോട്ടങ്ങളിൽ താങ്ങുകാലുകൾ ഉറപ്പാക്കണം. വലിയ പച്ചക്കറി തോട്ടങ്ങളിലെ പന്തലുകൾ ശക്തിപ്പെടുത്തണം. ശക്തിയായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മരങ്ങളിൽ നിന്നും റബ്ബർതോട്ടങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്.