ഫൽഗുനി എന്ന ശതകോടീശ്വരി

Tuesday 16 November 2021 1:36 AM IST

എട്ട് വർഷം കൊണ്ട് ഒരു കമ്പനിയെ ലോകോത്തര വ്യാപാര സ്ഥാപനമായി വളർത്തിയെടുക്കുക എന്നത് സ്വപ്നസമാനമായ നേട്ടമാണ്. അതിലും വലിയ നേട്ടമാണ് ഒറ്റ ദിവസംകൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്ന വനിതയെന്ന പട്ടം ചൂടുക എന്നത്. പ്രമുഖ ഫാഷൻ ബ്രാൻഡായ നൈകയുടെ സ്ഥാപക സി.ഇ.ഒ ഫൽഗുനി നയ്യാർ അമ്പത്തി എട്ടാമത്തെ വയസിൽ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിരിക്കുന്നു. പുരുഷാധിപത്യത്തിനാൽ നയിക്കപ്പെടുന്ന ഇന്ത്യയിലെ സംരംഭക രംഗത്ത് ഒരു വനിത കുറിച്ച വലിയ ചരിത്രമായി ഇത് മാറി. വനിതകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ബിസിനസ് രംഗത്ത് മാതൃകയാക്കാവുന്ന വ്യക്തിത്വമായി ഫൽഗുനി മാറിയത് ബിസിനസ് സ്‌കൂളുകളിൽ പാഠ്യവിഷയമായി മാറും. ലിപ്‌സ്റ്റിക്കുകളുമായി എഫ്.എസ്.എൻ.ഇ കൊമേഴ്സ് വെഞ്ചേഴ്സ് എന്ന കമ്പനിയുടെ കീഴിലാണ് ഫൽഗുനി, നൈക എന്ന ബ്രാൻഡിന് തുടക്കമിട്ടത്. നൈകയുടെ കന്നി വ്യാപാരദിനമായ ബുധനാഴ്ച നിക്ഷേപകർ ഓഹരി വാങ്ങിക്കൂട്ടാൻ മത്സരിച്ചതോടെ കമ്പനിയുടെ വിപണിമൂല്യം കുതിച്ചുയരുകയും ഫൽഗുനിയുടെ ആസ്‌തി 48,100 കോടി രൂപയായി ഉയരുകയും ചെയ്തു. കോട്ടക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടർ പദവിയിൽ നിന്ന് സ്വയം വിരമിച്ച് 2012ൽ അമ്പതാം വയസിലാണ് ഫൽഗുനി സൗന്ദര്യവർദ്ധക ഉത്‌പന്നങ്ങളുടെ നിർമ്മാണ - വിതരണ കമ്പനി തുടങ്ങിയത്. ഒരു വനിത നയിക്കുന്ന യൂണികോൺ കമ്പനി ഓഹരി വിപണിയിൽ പ്രവേശിക്കുന്നതും ആദ്യമായിട്ടായിരുന്നു. സ്വന്തം ബ്രാൻഡുകളിലേതും മുൻനിര ബ്രാൻഡുകളിലേതും ഉൾപ്പെടെ 2500 ഓളം വ്യത്യസ്ത ഉത്പന്നങ്ങൾ നൈകയിലൂടെ ഓൺലൈനിലും ഓഫ് ‌ ലൈനിലും ലഭ്യമാണ്. 40 നഗരങ്ങളിലായി എൺപതോളം സ്റ്റോറുകൾ. കഴിഞ്ഞ മാർച്ച് വരെയുള്ള വിറ്റുവരവ് 2,450 കോടി രൂപയാണ്.

ശരിയായ പരിശീലനവും വിദ്യാഭ്യാസവും പിന്തുണയും ലഭിച്ചാൽ വനിതകൾക്ക് ബിസിനസ് രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും

അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എ ബിരുദം നേടിയ ഫൽഗുനിക്ക് വിജയത്തിന്റെ ആദ്യപടിയാകാൻ അനിവാര്യമായും വേണ്ട വിദ്യാഭ്യാസം ലഭിച്ചു. രണ്ടാമതായി കോട്ടക് മഹീന്ദ്ര എന്ന വമ്പൻ കമ്പനിയിൽ വിവിധ തസ്തികകളിലിരുന്ന് മാനേജിംഗ് ഡയറക്ടർ പദവി വരെ എത്തിയതിലൂടെ ആവശ്യമായ പരിശീലനം സിദ്ധിച്ചു. മൂന്നാമത് വ്യവസായ രംഗത്ത് എത്തിയപ്പോൾ ധനകാര്യ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും പിന്തുണ ലഭിച്ചു. ഇതെല്ലാം ചേരുംപടി കൂടിച്ചേർന്നപ്പോഴാണ് വിജയം കരഗതമായത്. അതോടൊപ്പം വലിയ പദവിയിലെ എല്ലാവിധ ആനുകൂല്യങ്ങളും വേണ്ടെന്ന് വച്ച് സ്വന്തം ബിസിനസ് തുടങ്ങുക എന്ന 'റിസ്‌ക്" ഏറ്റെടുക്കാൻ ഫൽഗുനി തയ്യാറായി . ഏതെങ്കിലും 'റിസ്‌ക്" ഏറ്റെടുക്കാതെ വിജയത്തിന്റെ വൻ വാതിലുകൾ ആർക്കു മുന്നിലും തുറന്നുവരില്ല എന്ന അടിസ്ഥാന ബിസിനസ് പാഠം കൂടിയാണ് ഫൽഗുനിയുടെ വിജയകഥ . ഒരു സുപ്രഭാതത്തിൽ സൗന്ദര്യവർദ്ധക സാമഗ്രികളുടെ ഉത്‌പാദനം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നില്ല ഫൽഗുനി. ചെറുപ്പം മുതൽ ആ മേഖലയോട് അടങ്ങാത്ത ഒരു ഭ്രമം ഉണ്ടായിരുന്നു. ആ അർത്ഥത്തിൽ തന്റെ 'പാഷൻ" ആണ് ഫൽഗുനി ബിസിനസാക്കി മാറ്റിയത്. കൊവിഡ് മന്ദഗതിയിലാക്കിയ ബിസിനസ് രംഗത്തിന്റെ മെല്ലെപ്പോക്കിനിടയിൽ ഈ വീരഗാഥ രചിച്ച ഫൽഗുനി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്ക് സ്‌ത്രീപുരുഷ ഭേദമെന്യേ എന്നും പ്രചോദനമായി തുടരും.

Advertisement
Advertisement