ഞങ്ങളും മനുഷ്യരാണ് സാർ.... വെട്ടുകാട് 400ലധികം കുടുംബങ്ങൾ വെള്ളത്തിൽ,​ തിരിഞ്ഞുനോക്കാതെ സർക്കാരും നഗരസഭയും

Tuesday 16 November 2021 2:19 AM IST

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസമായി അരയ്‌ക്കൊപ്പം വെള്ളത്തിലാണ് നഗരത്തിലെ 400ഓളം കുടുംബങ്ങൾ കഴിയുന്നത്. വെട്ടുകാട് ഡിവിഷനിൽ ഈന്തിവിളാകം, ബാലനഗർ നിവാസികൾക്കാണ് ഈ ദുർഗതി. ഹൃദ്രോഗവും കാൻസറും പക്ഷാഘാതമുൾപ്പെടെയുള്ളവർ ചെളിക്കുണ്ടിൽ നരകയാതന അനുഭവിക്കുകയാണ്.

ആൾസെയിന്റ്സ് കോളേജിന് സമീപത്തുനിന്ന് എയർപോർട്ടിലേക്കും പെരുമാതുറയിലേക്കുമുള്ള റോഡുകളുടെ വശത്ത് റോഡിനേക്കാൾ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളക്കെട്ടിലായത്. മഴക്കാലത്ത് ഇവിടെ നിന്നുള്ള വെള്ളം ആൾസെയിന്റ്സ് കോളേജിന് സമീപത്തുകൂടി വട്ടക്കായൽ വഴി പാർവതി പുത്തനാറിലേക്കാണ് ഒഴുകിക്കൊണ്ടിരുന്നത്. നിലംനികത്തലിലും മറ്റും ഈ ഓട അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം.

കഴിഞ്ഞ രണ്ട് പ്രളയകാലത്തും സമാന സ്ഥിതിയുണ്ടായെങ്കിലും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്‌തതിനാൽ ഇത്ര ദുരിതമുണ്ടായില്ല. എന്നാൽ ഇത്തവണ കാലവർഷം മുതലുള്ള തുട‌ർച്ചയായ മഴയാണ് നാട്ടുകാരെ വലച്ചത്. കാലവർഷത്തിനും തുലാവർഷത്തിനും ശേഷം ന്യൂനമർദ്ദത്തിന്റെ ഭാഗമായ മഴകൂടി തിമിർത്തതോടെ വെള്ളം വീടുകൾക്കകത്തേക്ക് കടന്നു.

പ്രദേശത്തെ നൂറിലധികം വീടുകൾക്കുള്ളിലും വെള്ളവും ചെളിയും നിറഞ്ഞ സ്ഥിതിയാണ്. വൈദ്യുതി കണക്ഷനുകളുള്ള വീടുകളിൽ എർത്ത് ലീക്ക് പോലുള്ള സംഭവങ്ങളുണ്ടായാൽ വൻദുരന്തങ്ങൾക്കാകും വഴിവയ്ക്കുക. കൊവിഡ്ഭീതിയും നിയന്ത്രണങ്ങളും കാരണം മറ്രെവിടേക്കും മാറാനാകാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ മഴവെള്ളക്കെട്ടിൽ ആഴ്ചകളായി തണുത്ത് വിറച്ച് കഴിയുകയാണ്. ദിവസങ്ങളായുള്ള വെള്ളക്കെട്ടിൽ കഴിയുന്ന പലർക്കും പനിയും ത്വഗ് രോഗങ്ങളും വാത സംബന്ധമായ അസുഖങ്ങളും ബാധിച്ചിട്ടുണ്ട്.

മാസങ്ങളായി പ്രദേശമാകെ വെള്ളക്കെട്ടിലകപ്പെട്ടതോടെ മിക്ക വീടുകളിലും കക്കൂസുകളുടെയും മറ്റും ടാങ്കുകൾ നിറഞ്ഞു. കക്കൂസ് മാലിന്യവും വീടുകളിലെ ടോയ്ലെറ്റുകളിലെയും മറ്റും മലിനജലവുമെല്ലാം കൂടിക്കുഴഞ്ഞ ഇവിടെ ഏത് നിമിഷവും സാംക്രമിക രോഗങ്ങൾക്കുള്ള സാദ്ധ്യത കൂടുതലാണ്. ഇവിടത്തെ കുടിവെള്ള സ്രോതസുകളും മലിനമാണ്. കാലവർഷത്തിൽ വീടുകൾ വെള്ളപ്പൊക്കത്തിലായത് മുതൽ നാട്ടുകാർ കടകംപള്ളി വില്ലേജ് ഓഫീസിലും നഗരസഭയിലും സർക്കാരിലും പലതവണ പരാതികൾ സമർപ്പിച്ചു.

കൗൺസിലറായിരുന്ന സാബുജോണിന്റെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ട വാർഡാണിത്. നഗരസഭയുടെ നേതൃത്വത്തിൽ ഓട നിർമ്മാണത്തിന് പദ്ധതികളുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതും നടപ്പായില്ല. കഴിഞ്ഞ ഏതാനും ദിവസമായി മഴ ശക്തമായതോടെ നഗരസഭയിൽ നിന്ന് മോട്ടോറുകളെത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളയാൻ ശ്രമിച്ചെങ്കിലും മോട്ടോറുകൾ പ്രവർത്തിക്കാത്തതിനാൽ അതും വിജയിച്ചിട്ടില്ല.

#പ്രതികരണം

വോട്ട് ചോദിക്കാൻ എല്ലാവരും വരും. കഴിഞ്ഞ ആറുമാസമായി ഞങ്ങൾ വെള്ളത്തിലാണ്. ഒരുമനുഷ്യൻ തിരിഞ്ഞുനോക്കിയിട്ടില്ല. അടുത്ത ഇലക്ഷനാകുമ്പോഴേ ഇനി എല്ലാവരുമെത്തൂ

സേതു, പ്രദേശവാസി.

നഗരസഭയുടെ ശ്രദ്ധയിലുള്ള കാര്യമാണ്. ഈന്തിവിളയിൽ ഓട നിർമ്മിക്കുകയാണ് ശാശ്വതമായ പരിഹാരം. ഇതിനായി 31 ലക്ഷം രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിനുശേഷമേ അത് നടപ്പാക്കാൻ കഴിയൂ. തത്കാലം മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കും

ആര്യാരാജേന്ദ്രൻ, മേയർ

Advertisement
Advertisement