' നിറയെ തത്തകൾ ഉള്ള മരം' ഇഫിയിൽ നവ .24 ന് യുനസ്കോ - ഗാന്ധി അവാർഡിനുള്ള മത്സര വിഭാഗത്തിലും

Wednesday 17 November 2021 6:20 AM IST

പനാജി: ജയരാജ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'നിറയെ തത്തകൾ ഉള്ള മരം' ഒട്ടേറെ പുതുമകൾ അടങ്ങുന്ന ചിത്രമാണ്.ഇഫിയിൽ ഇന്ത്യൻ പനോരമയിലും, ഐ.എഫ്.എഫ്.കെയിലും തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിന് ഇഫിയിൽ ( ഐ.എഫ്.എഫ്.ഐ ) യുനസ്കോ - ഗാന്ധി പ്രൈസിനുള്ള മത്സര വിഭാഗത്തിലേക്കും സെലക്ഷൻ ലഭിച്ചു.ഈ സിനിമയെക്കുറിച്ച് ജയരാജുമായി സംസാരിച്ചു.

" നമ്മൾ കുട്ടികളെ കുറിച്ച് പറയുമ്പോൾ ഒറ്റയ്ക്ക് ജീവിക്കാനുള്ള അവരുടെ ബുദ്ധിമുട്ടും അന്തരീക്ഷത്തോട് പൊരുത്തപ്പെടാനുള്ള അവരുടെ പരിമിതികളാണുമല്ലോ പ്രമേയമാവുക.ഇത് അങ്ങനെയല്ല ഒറ്റയ്ക്ക് ജീവിക്കാനുള്ള ഒരു എട്ടുവയസ്സുകാരന്റെ ചങ്കൂറ്റമാണ്.അവൻ വളരെ ബോൾഡാണ്.അപ്പൻ മദ്യപാനിയാണ്.അമ്മയാകട്ടെ ഉപേക്ഷിച്ചും പോയി.അപ്പന്റെ അപ്പനും ആ അപ്പന്റെ അപ്പനുമുണ്ട്.കായലിൽ ഒറ്റയ്ക്ക് മീൻപിടിക്കാൻ പോയി അവൻ ഇവരെ പോറ്റുകയാണ്.ആഹാരം വരെ ഉണ്ടാക്കി നൽകും. മോട്ടോർ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന വള്ളം ഓടിച്ചുകൊണ്ടുപോകും. അത്ര കഴിവുള്ളവനാണ്. ഒരു ദിവസം മീൻ പിടിച്ചിട്ട് വരുമ്പോൾ അന്ധനായ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടു.അയാൾക്ക് ഓർമ്മയൊന്നുമില്ല.വീടെവിടെയാണെന്നുള്ള ചോദ്യത്തിന് മുറ്റത്ത് ഒരു മരമുണ്ട്,അതിൽ നിറയെ തത്തകൾ ഉണ്ട് എന്നായിരുന്നു മറുപടി.പയ്യൻ പൊലീസിനെയൊക്കെ വിവരമറിയിച്ചെങ്കിലും അവരാരും അതൊന്നും കാര്യമാക്കിയില്ല.ഒടുവിൽ ആ അന്ധ വൃദ്ധനുമായി അവൻ വള്ളത്തിൽ നിറയെ തത്തകൾ ഉള്ള ആ മരം അന്വേഷിച്ചുപോവുകയാണ്.അതാണ് ഈ കഥ.അത്രയും ബാദ്ധ്യതയുണ്ടായിട്ടും അവൻ പോവുകയാണ്. ആ നന്മ പ്രകടമാകുന്നു.കുട്ടികളെ ഓർത്ത് പരിതപിക്കുന്നതിനു പകരം അവന്റെ ചങ്കൂറ്റത്തെ വാഴ്ത്തേണ്ടിവരും." ജയരാജ് പറഞ്ഞു.

ആദിത്യനും നാരായണനും

കുമരകത്തെ ഒരു മീൻപിടുത്തക്കാരന്റെ മകനായ ആദിത്യനാണ് ( ആദി ) ഈ വേഷം അവതരിപ്പിച്ചത്.എഞ്ചിൻ ഉപയോഗിച്ച് വള്ളമോടിക്കാൻ അറിയുന്ന കുട്ടിയെ അന്വേഷിച്ചുപോയപ്പോഴാണ് ജയരാജ് ആദിയെ കണ്ടെത്തിയത്. നാലിൽ പഠിക്കുന്ന ആദി മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.ജന്മനാ അന്ധനായ നാരായണൻ ചെറുപഴശ്ശിയാണ് അന്ധനായ വൃദ്ധന്റെ വേഷം ചെയ്തത്.കണ്ണൂർ അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനായിരിക്കെ രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. കണ്ണൂരിൽ അന്ധർക്കായി നാരായണൻ വലിയൊരു ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്.

സംവിധാന സഹായിയായി മകൾ

ജയരാജിന്റെ മകൾ ധനു ജയരാജ് ഈ ചിത്രത്തിൽ അസോസിയേറ്റായി പ്രവർത്തിക്കുന്നുണ്ട്.വിനു ആർ.നാഥാണ് നിർമ്മാണം.ഷിനൂബ് ടി.ചാക്കോയാണ് കാമറ. വയലാർ എഴുതി എൽ.പി.ആർ വർമ്മ ഈണമിട്ട 'കായലിനക്കരെ പോകാൻ എനിക്കൊരു കളിവളളമുണ്ടായിരുന്നു എന്ന ഗാനം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജയരാജിന്റെ ജൈത്രയാത്ര

1996 മുതൽ ജയരാജിന്റെ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നുണ്ട്.ഇഫിയിൽ സുവർണ്ണമയൂരവും ഐ.എഫ്.എഫ്.കെയിൽ സുവർണചകോരവും നേടിയ ജയരാജിന് ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ക്രിസ്റ്റൽബെയറും കാർലോവാരി ഫിലിം ഫെസ്റ്റിവലിലും അംഗീകാരങ്ങൾ നേടി.അനവധി തവണ ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടി.

9 മാസം 5 ചിത്രങ്ങൾ

ഈ​ ​വ​ർ​ഷം​ ​ജ​നു​വ​രി​ക്കും​ ​സെ​പ്റ്റം​ബ​റി​നും​ ​ഇ​ട​യി​ൽ​ ​അ​ഞ്ച് ​ചി​ത്ര​ങ്ങ​ളാ​ണ് ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​യി​രു​ന്നു​ ​ഇ​ത്.​ ​ടി.​പ​ദ്മ​നാ​ഭ​ന്റെ​ ​പ്ര​കാ​ശം​ ​പ​ര​ത്തു​ന്ന​ ​ഒ​രു​ ​പെ​ൺ​കു​ട്ടി,​ ​എം.​ടി​യു​ടെ​ ​സ്വ​ർ​ഗം​ ​തു​റ​ക്കു​ന്ന​ ​സ​മ​യം,​ ​നി​റ​യെ​ ​ത​ത്ത​ക​ൾ​ ​ഉ​ള്ള​ ​മ​രം​ എ​ന്നി​വ​യടക്കം അഞ്ചുചി​ത്രങ്ങൾ. നെ​ടു​മു​ടി​വേ​ണു​ ​അ​വ​സാ​ന​മാ​യി​ ​അ​ഭി​ന​യി​ച്ച​ത് ​സ്വ​ർ​ഗം​ ​തു​റ​ക്കു​ന്ന​ ​സ​മ​യ​ത്തി​ലാ​ണ്.​മീ​നാ​ക്ഷി​യാ​ണ് ​പ്ര​കാ​ശം​ ​പ​ര​ത്തു​ന്ന​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വേ​ഷം​ ​ചെ​യ്ത​ത്.

ജയരാജിന്റെ സ്ഥാനം

ഇന്ത്യൻ സിനിമയുടെ പതാകവാഹകനാണ് ജയരാജ്.ജി.അരവിന്ദൻ,അടൂർ ഗോപാലകൃഷ്ണൻ,ഷാജി.എൻ.കരുൺ,എന്നിവരുടെ തൊട്ടുപിന്നാലെ എത്തിയ ജയരാജ് മലയാളസിനിമയ്ക്കെന്നല്ല ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല.എന്നാൽ കെ.ജി.ജോർജിനെപ്പോലെ ജയരാജിനും അർഹമായ സ്ഥാനം മലയാള സിനിമ നൽകുന്നുണ്ടോയെന്ന് സംശയമാണ്.വാണിജ്യ സിനിമയിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ ശോഭിക്കുന്ന സംവിധായകനാണ് ജയരാജ്.