തോരാത്ത മഴ; വെള്ളക്കെട്ടായി റോ‌ഡുകൾ

Wednesday 17 November 2021 12:55 AM IST

വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ റോഡുകൾ വെള്ളക്കെട്ടിന്റെ പിടിയിൽ. പ്രധാന റോഡായ നിലയ്ക്കാമുക്ക് മുതൽ ചന്തമുക്ക് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ പതിനഞ്ചിലധികം സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്.

നിലയ്ക്കാമുക്ക് മുതൽ ആങ്ങാവിള വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് വക്കത്തുക്കാർക്ക് എന്നും ശാപമാണ്. ഈ മേഖലകളിലെ റോഡുകൾക്കിരുവത്തെയും ഓടകൾ എന്നും നിറഞ്ഞ നിലയിലാണ്. ഇത് മഴവെള്ളത്തെ റോഡിൽ തന്നെ തടഞ്ഞുനിറുത്തുന്നു. ഓടകൾ വൃത്തിയാക്കുന്നതിനൊപ്പം ഓടയിൽ നിന്ന് നീക്കംചെയ്യുന്ന മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്. ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. റോഡിനിരുവശങ്ങളിലും ഓട നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നുമില്ല. ഉള്ള ഓടകൾ പോലും കൃതൃമായി വൃത്തിയാക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വക്കം ഗ്രാമ പഞ്ചായത്ത് - 14 വാർഡുകൾ

മിക്ക റോ‌ഡുകളിലും വെള്ളക്കെട്ട്

അശാസ്ത്രീയമായ റോഡ് നിർമ്മാണം വെള്ളക്കെട്ടിന് കാരണമാകുന്നു

പാരയായി ഇന്റർലോക്ക്

വെള്ളക്കെട്ടിന് പരിഹാരമായി വക്കത്ത് പലയിടങ്ങളിലും റോഡിൽ ഇന്റർലോക്ക് ചെയ്തിരുന്നു. എന്നാൽ ഇതിൽ നിർമ്മാണപ്പിഴവ് വ്യാപകമെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇന്റർലോക്കിന് വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞതുമില്ല. വക്കം പുളിവിളാകം - മുക്കാലവട്ടം റോഡ്, പുന്നക്കുട്ടം - വിളയിൽ റോഡ് തുടങ്ങിയ റോഡുകളിലെ ഇന്റർലോക്ക് സംവിധാനം തകർന്ന നിലയിലാണ്. വക്കം മാർക്കറ്റ് ജംഗ്ഷനിൽ വെള്ളക്കെട്ടിന് പരിഹാരമായി നിർമ്മിച്ച ഇന്റർലോക്ക് സംവിധാനം തകർന്നതോടെ നാട്ടുകാർ ബുദ്ധിമുട്ടിലായി.

ഗുണനിലവാരമില്ലാത്ത ഇന്റർലോക്ക്

റോഡുകളിൽ വാഹനത്തിരക്ക് കുറവായിരുന്നിട്ടും മാസങ്ങൾക്കുള്ളിൽ തന്നെ ഇന്റർലോക്ക് സംവിധാനം തകരാൻ തുടങ്ങി. പുന്നകുട്ടം റോഡ് നവീകരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഇവിടെ ഇതിനകം തന്നെ തകർച്ചയും തുടങ്ങി. ഗുണമേന്മയില്ലാത്ത സാധനങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഇന്റർലോക്കുകൾ പെട്ടെന്ന് നശിക്കും. ഇത് തുടക്കത്തിലേ കണ്ടെത്തി ഗുണമേന്മ ഉറപ്പ് വരുത്തേണ്ട മരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

വക്കം ഗ്രാമപഞ്ചായത്തിലെ മരാമത്ത് പണികളിലെ അനാസ്ഥയാണ് റോഡുകളിലെ സ്ഥിരം വെള്ളക്കെട്ടിന് കാരണം. വേണ്ടയിടങ്ങളിൽ ഓടകൾ നിർമ്മിക്കുകയും, നിലവിലെ ഓടകൾ വൃത്തിയാക്കുകയും ചെയ്യണം.

അനിൽ ദത്ത്, സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി, വക്കം

Advertisement
Advertisement