സാമ്പത്തിക തട്ടിപ്പ്​ കേസ്: ഐ.ആർ.ഇ.ഒ ചെയർമാൻ ലളിത്​ ഗോയൽ അറസ്റ്റിൽ

Wednesday 17 November 2021 12:46 AM IST

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റിയൽ എസ്​റ്റേറ്റ്​ ഭീമനും ഐ.ആർ.ഇ.ഒ ഗ്രൂപ്പ്​ ചെയർമാനുമായ ലളിത്​ ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽനിന്ന്​​ ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുത്ത്​ ഒരു ദിവസത്തിന്​ ശേഷമാണ്​ അറസ്റ്റ്​. ലളിതിനെതിരെ നേരത്തേ ലുക്ക്ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്​ കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട്​ ചണ്ഡീഗഢിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്​ ഇ.ഡി ഗോയലിനെ ചോദ്യം ചെയ്​തു. രാജ്യം വിടാൻ സാദ്ധ്യതയുള്ളതിനാലാണ്​ അറസ്റ്റ്​.

ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്​മെന്റ് നിയമം ലംഘിച്ചതിന് ലളിത്​ ഗോയലും കമ്പനിയും ​ഇ.ഡി അന്വേഷണം നേരിട്ടിരുന്നു. യു.എസ്​ ആസ്ഥാനമായ നിക്ഷേപകമ്പനിയിലെ സാമ്പത്തിക തട്ടിപ്പ്​ ആരോപണവും ഗോയലിനെതിരെയുണ്ട്​. അടുത്തിടെ വെളിപ്പെടുത്തിയ പാൻഡോറ പേപ്പറിലും ലളിത്​ ഗോയലിന്റെ പേരുണ്ടായിരുന്നു. 77 മില്യൺ ഡോളർ ആസ്​തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടനിലെ വിർജിൻ ദ്വീപിൽ രജിസ്​റ്റർ ചെയ്​ത ട്രസ്റ്റിലേക്ക്​ മാറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ. പാൻഡോറ പേപ്പറിൽ പേരുണ്ടായിരുന്നവർക്കെതിരെ ഇന്ത്യാഗവൺമെന്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.