സി.എ.ജിക്ക് മുഖ്യമന്ത്രിയുടെ വിമർശനം: 'കിഫ്ബി വിരുദ്ധർ സാഡിസ്റ്റുകൾ", ലക്ഷ്യം വികസനം തടയൽ

Wednesday 17 November 2021 12:46 AM IST

തിരുവനന്തപുരം: കേരളം ഒരിഞ്ചു പോലും മുന്നോട്ടു പോകരുതെന്നും പിന്നോട്ട് പോയാൽ സന്തോഷമെന്നും കരുതുന്ന സാഡിസ്റ്റ് മനോഭാവക്കാരാണ് കിഫ്ബിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്ന് രാജ്ഭവനിലെ ചടങ്ങിൽ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയെ നിശ്ചലമാക്കാനും അപകീർത്തിപ്പെടുത്താനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. വികസനം ലക്ഷ്യമിട്ടു തുടങ്ങിയ ഒന്നിനും മുടക്കമുണ്ടാകില്ല. ചാൻസലേഴ്സ് അവാർഡ് ദാന ചടങ്ങിൽ ഗവർണറെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

കേരളത്തിന്റെ സാമ്പത്തിക രംഗം അത്ര വിഭവസമൃദ്ധമല്ല. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവ് കാരണം വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാൽ നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമാകും. ബഡ്‌ജറ്റിന്റെ ശേഷി വച്ചു മാത്രം ഇവയെല്ലാം ചെയ്യാനാകില്ല. സർക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നന്നായി ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. അതിന്റെ നല്ല ഫലം നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനും കിഫ്ബിയെ ഉപയോഗിക്കും. അത് നാളത്തെ കേരളത്തിനു വേണ്ടിയാണ്. തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കും. അതിന് കിഫ്ബി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും.

സാർവത്രിക വിദ്യാഭ്യാസവും നവോത്ഥാന മുന്നേറ്റവും,​ നടന്നെത്താവുന്ന ദൂരത്ത് വിദ്യാലയങ്ങളുള്ളതും,​ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കാവുന്നതുമാണ് വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്ത് മുൻപന്തിയിലെത്തിയതിന്റെ കാരണങ്ങൾ. പാവപ്പെട്ട കുടുംബത്തിലെ കുട്ടിക്കും ആഗ്രഹിക്കുന്നിടം വരെ പഠിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ട്.

വിദ്യാഭ്യാസ രംഗത്ത് കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളർന്നു. ഇതു പൊതുവിദ്യാഭ്യാസത്തിന് ഉലച്ചിലുണ്ടാക്കി. ഇത് പരിഹരിക്കാൻ കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയത്. അതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ മേഖല അഭിമാനകരമായി ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുമുണ്ടാകണം. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കണം. മതിയായ തസ്തികകൾ ഇല്ലാത്തതിനാൽ ചില സർവകലാശാലകൾ ഗ്രേഡിംഗിൽ പിന്തള്ളപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് അതിന്റെ യശസ് വർദ്ധിക്കുമ്പോഴാണ്. സമൂഹം അംഗീകരിക്കുന്ന ഫാക്കൽറ്റി, മികച്ച പശ്ചാത്തല സൗകര്യം,​ ലൈബ്രറി, ലാബ്, ഹോസ്റ്റലുകൾ തുടങ്ങിയവ സൃഷ്ടിക്കണം. ബഡ്ജറ്രിന്റെ ശേഷി വച്ച് ഇതെല്ലാം നിർവഹിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement