ബി.എസ്.എഫിന്റെ അധികാരപരിധി: കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി ബംഗാൾ

Wednesday 17 November 2021 12:47 AM IST

കൊൽക്കത്ത: പഞ്ചാബിന് പിന്നാലെ, അതിർത്തി രക്ഷാസേനയുടെ (ബി.എസ്.എഫ്) അധികാരപരിധി വർദ്ധിപ്പിച്ച കേന്ദ്രനടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാൾ നിയമസഭ പ്രമേയം പാസാക്കി. പഞ്ചാബ്, പശ്ചിമ ബംഗാൾ, അസാം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബി.എസ്.എഫിന്റെ അധികാരപരിധി 15 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററാക്കാൻ കേന്ദ്ര സർക്കാർ ബി.എസ്.എഫ് നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രമേയം.112 തൃണമൂൽ എം.എൽ.എമാർ പ്രമേയത്തെ അനുകൂലിച്ചു. 63 ബി.ജെ.പി അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

ചർച്ചയ്ക്കിടെ ബി.എസ്.എഫിനെതിരെ തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഉദയൻ ഗുഹ നടത്തിയ പരാമർശം സഭയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ബി.എസ്.എഫ് ജവാൻ തന്റെ അമ്മയുടെ ദേഹപരിശോധന നടത്തുന്നത് കണ്ടുനിൽക്കേണ്ടിവരുന്ന കുട്ടിക്ക് ഒരിക്കലും ദേശസ്‌നേഹിയാകാൻ കഴിയില്ലെന്നായിരുന്നു പരാമർശം.

ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ എം.എൽ.എയുടെ പരാമർശം രേഖകളിൽ നിന്ന് നീക്കംചെയ്യാൻ സ്പീക്കർ ബിമൻ ബാനർജി തയ്യാറായില്ല.

അതേസമയം, രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു. ബി.എസ്.എഫിന്റെ മഹിളാ പ്രഹാരിസ് ആണ് സ്ത്രീകളെ പരിശോധിക്കുന്നത്. ബി.എസ്.എഫ് ജവാന്മാർ സ്ത്രീകളെ സ്പർശിക്കുന്നുവെന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.

Advertisement
Advertisement