സഞ്ജിത്ത് കൊലപാതകം: സംഘത്തിൽ 5പേർ, കണ്ടാൽ തിരിച്ചറിയാനാകുമെന്ന് ഭാര്യ

Wednesday 17 November 2021 12:45 AM IST

പാലക്കാട്: എലപ്പുള്ളിയിൽ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നുവെന്ന് സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന സഞ്ജിത്തിന്റെ ഭാര്യ അർഷിത പറഞ്ഞു. പ്രതികളെ കണ്ടാൽ തിരിച്ചറിയാനാകും. ആരും മാസ്‌കോ മുഖംമൂടിയോ ധരിച്ചിരുന്നില്ല.

രാവിലെ 8.40നാണ് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങിയത്. അഞ്ച് മിനിറ്റിനുള്ളിൽ ആക്രമണം നടന്നു. റോഡിലെ ഗട്ടർ കണ്ടപ്പോൾ ബൈക്കിന്റെ വേഗത കുറച്ചു. കാറിൽ വന്നവർ സഞ്ജിത്തിന്റെ കൈകളിൽ വെട്ടുകയായിരുന്നു. എന്നെ വലിച്ച് ചാലിലേക്ക് തള്ളിയിട്ടശേഷമായിരുന്നു സഞ്ജിത്തിനെ വളഞ്ഞിട്ട് വെട്ടിയത്. പ്രദേശത്ത് ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷം മുമ്പുണ്ടായിരുന്നു. ഇതേത്തുടർന്ന് സഞ്ജിത്തിന് നേരത്തെ വധഭീഷണിയുണ്ടായിരുന്നതായും അർഷിത മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ പൊലീസിനായിട്ടില്ല. പ്രതികളെക്കുറിച്ച് സൂചനപോലും ലഭിച്ചില്ലെന്നാണ് അറിയുന്നത്. കൊലയ്ക്കുശേഷം പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ - തൃശൂർ ദേശീയപാതയിലേക്ക് പ്രവേശിച്ചെന്ന് വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ച് സി.സി ടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്. എട്ടുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂർ, ചെറായി, പൊന്നാനി എന്നിവിടങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. വെള്ള മാരുതി കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 4 വടിവാളുകൾ കണ്ടെടുത്തു

കണ്ണനൂർ ദേശീയപാതയ്ക്ക് സമീപത്ത് നിന്ന് നാല് വടിവാളുകൾ കണ്ടെടുത്തു. റോഡിന് സമീപത്തെ കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. ഒന്നിൽ ചോരക്കറയും മറ്റൊന്നിൽ മുടിനാരിഴയും കണ്ടെത്തിയിട്ടുണ്ട്. ഇവ സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചവയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ ഉച്ചയോടെ റോഡിന് സമീപത്ത് നെല്ല് ഉണക്കുന്നവരാണ് ഇത് കണ്ടത്. വിവരമറിയച്ചതിനെ തുടർന്ന് സൗത്ത് സി.ഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം വടിവാളുകൾ പുറത്തെടുത്തു. ചാക്ക് കെട്ടുകൾക്കുമുകളിൽ മണ്ണും, തേയിലപ്പൊടിയും ഇട്ടിരുന്നു. ഫോറൻസിക് വിഭാഗം ആയുധങ്ങൾ പരിശോധിച്ചു. വിരലടയാളങ്ങളും ശേഖരിച്ചു. സ്ഥലത്തെ സിസി ടിവി കാമറ ഉൾപ്പെടെ പൊലീസ് പരിശോധിക്കും.