എൽ.ജെ.ഡിയിൽ പോര്, വിമതവിഭാഗം യോഗം ഇന്ന്

Wednesday 17 November 2021 12:55 AM IST

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ഘടകത്തിൽ പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിനെതിരെ നേതൃത്വത്തിലെ പ്രബലചേരി നടത്തുന്ന വിമതനീക്കങ്ങൾ പൊട്ടിത്തെറിയിലേക്ക്. വിമതനേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർത്തു. പാർട്ടിയുടെ ഒരേയൊരു എം.പിയാണ് കേരളത്തിൽ നിന്നുള്ള ശ്രേയാംസ് കുമാർ എന്നിരിക്കെ, അഖിലേന്ത്യാ നേതൃത്വവും കേരളഘടകത്തിലെ പോരിൽ നിസഹായാവസ്ഥയിലാണ്.

സംസ്ഥാന ജനറൽസെക്രട്ടറി ഷേയ്ക് പി.ഹാരിസ്, വി. സുരേന്ദ്രൻ പിള്ള തുടങ്ങിയ മുൻനിര നേതാക്കളുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ ഏറെനാളായി ശീതസമരത്തിലേർപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച മൂന്ന് സീറ്റുകളിൽ വിജയിച്ചത് കൂത്തുപറമ്പിൽ കെ.പി. മോഹനൻ മാത്രമാണ്. പാർട്ടിക്ക് തിരിച്ചടിയുണ്ടായത് ശരിയായ നിലയിൽ വിലയിരുത്താൻ വിശദമായ യോഗം ഇതുവരെയും ചേരാനായിട്ടില്ല. മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള ഇടപെടലും ഉണ്ടായില്ല. ബോർഡ്, കോർപ്പറേഷൻ വിഭജനത്തിലും കാര്യമായ പരിഗണന പാർട്ടിക്ക് ലഭിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് വിമതവിഭാഗം ഉയർത്തുന്നത്.

Advertisement
Advertisement