മത്സരവേദിയിലെ ഏക ഭിന്നശേഷിക്കാരി, മിസ് കേരള പട്ടത്തിന് മാറ്റുരയ്‌ക്കാൻ അശ്വനിയും

Wednesday 17 November 2021 12:12 AM IST

അശ്വനി

കുറ്റ്യാടി: കടിയങ്ങാട് തണൽ കരുണ സ്‌പെഷൽ സ്കൂൾ വിദ്യാർത്ഥിനി അശ്വിനി കാപ്പുമ്മൽ തിരക്കുപിടിച്ച ഒരുക്കത്തിലാണ്. മിസ് കേരള മത്സരവേദിയിലേക്ക് നടന്നടുക്കുകയാണ് ഈ മിടുക്കി. ഡിജിറ്റൽ ഓഡിഷനിൽ യോഗ്യത നേടിയ അശ്വനി 21-ന് കൊച്ചിയിൽ അരങ്ങേറുന്ന ഫിസിക്കൽ ഓഡിഷൻ റൗണ്ടിൽ മാറ്റുരയ്ക്കും.

'ബ്യൂട്ടി ഇൻ ഡൈവേഴ്സിറ്റി' എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ മിസ് കേരള മത്സരം. വേളം ചെറുകുന്ന് കാപ്പുമ്മലിലെ കൂലിപ്പണിക്കാരനായ കുമാരന്റെയും മാതുവിന്റെയും ഏകമകളാണ് അശ്വിനി. മിന്നുന്ന ഫോമിലേക്ക് ഉയരാൻ കഴിഞ്ഞു ഡിജിറ്റൽ ഓഡിഷൻ റൗണ്ടിൽ. എന്തുകൊണ്ടാണ് മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് 'എന്നെപ്പോലെയുള്ള കുട്ടികളും ഈ രംഗത്തേക്ക് മുന്നോട്ടുവരണം' എന്നായിരുന്നു തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള അശ്വിനിയുടെ മറുപടി. ഇഷ്ടനടനും നടിയും ആരെന്നതിന് മമ്മൂട്ടിയും കാവ്യ മാധവനും എന്നു ഉത്തരം. ഭാവിയിൽ എന്താകാനാണ് ആഗ്രഹം എന്ന ചോദ്യത്തിനും സമയമെടുക്കാതെ പ്രതികരിച്ചു; ചലച്ചിത്രനടിയാവുകയാണ് സ്വപ്നം.

സിനിമയും നൃത്തവും ഏറെ ഇഷ്ടപ്പെടുന്ന അശ്വിനി മത്സരവേദികളിലെ തിളക്കമാർന്ന സാന്നിദ്ധ്യത്തിലൂടെ ഒട്ടേറെ സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. കരുണ സ്‌കൂൾ പ്രിൻസിപ്പൽ അക്ഷയ തോമസിന്റെയും മറ്റു അദ്ധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയാണ് എല്ലാ വിജയങ്ങൾക്കും പിന്നിലെ ശക്തിയെന്ന് ഈ 26-കാരി പറയുന്നു.

ജനകീയ കൂട്ടായ്‌മയിൽ പ്രവർത്തിക്കുന്ന കുറ്റ്യാടി തണൽ കരുണ സ്‌കൂളിൽ മാനസിക - ശാരീരിക വെല്ലുവിളി നേരിടുന്ന മുന്നൂറോളം കുട്ടികളുണ്ട്. മിസ് കേരള മത്സരവേദിയിൽ അശ്വിനി വിജയപതാക പാറിക്കുന്നതിനായി ഉറ്റുനോക്കുകയാണ് നാടും തണൽ കൂട്ടായ്‌മയും.

Advertisement
Advertisement