ഉദ്ദിഷ്‌ടകാര്യ സിദ്ധിയ്‌ക്ക് തൊഴാം മുള്ളുതറയിൽ ശ്രീ ഭദ്രാ കരിംകാളിയമ്മയെ

Thursday 11 April 2019 11:19 AM IST

പത്തനംതിട്ട ജില്ലയിൽ അടൂർ നടുത്തായി മലമേക്കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിൽ പരംവർഷം ചരിത്രമുള്ള അതിപുരാതനമായ ക്ഷേത്രമാണ് മുള്ളുതറയിൽശ്രീ ഭദ്രാ കരിംകാളി മൂർത്തി ദേവി ക്ഷേത്രം. അതിപുരാതന കാലം മുതൽ, കളരി, ആയുർ വേദം, ജ്യോതിഷം, വൈദ്യം, എഴുത്തുകളരി തുടങ്ങിയ മേഖലകളിൽ ഇവിടെ ഗണകർ ഉണ്ടായിരുന്നു. പ്രതിഷ്ഠ ഭദ്രകാളിയായിട്ടും,കരിംകാളി മൂർത്തി ത്രിപുരസുന്ദരി എന്നീ ഭാവങ്ങളിലാണ് പൂജ ചെയ്‌തു വരുന്നത്.ഗണപതി, യോഗീശ്വരൻ, ബ്രഹ്മരക്ഷസ്, യക്ഷിത്തറ ബ്രഹ്മണി മാതാവ് ,മറുത, വേതാളം എന്നീ ഉപദേവതകളുമുണ്ട്. കൂടാതെ നാഗരാജാവ്, നാഗയക്ഷിയമ്മ, നാഗശ്രേഷ്ഠൻ,മണി നാഗം എന്നിവയുടെ പ്രതിഷ്‌ഠയും മുള്ളുതറയിൽശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ പ്രത്യേകതയാണ്.

കൃഷ്ണശിലയിൽകൊത്തി വച്ച ഭദ്ര കാളിപ്രതിഷ്‌ഠ കണ്ണാടിശിലയിൽ കൊത്തി വച്ച കരിംകാളി മൂർത്തി പ്രതിഷ്‌ഠയാണ് എന്നിവയാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ വളരെയേറെ പ്രത്യകതകളുള്ള ഗർഭഗൃഹവും ശ്രീകോവിലും ഈ ക്ഷേത്രത്തെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.(ആതിരിക്കൽക്കാവ്) പ്രധാന അമ്പലം കൂടാതെ തെക്കും കിഴക്ക് കാവും ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. ശിലപ്രതിഷ‌്ഠയിൽ മലരും പാലും പഴവും അപ്പം, പായസം എന്നിവയല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങളും സാധാരണ പൂജകളും ഉപദേവ പ്രതിഷ്ഠകൾക്കാണ് ഇവിടെ നടത്തുന്നത്.

ഉത്സവത്തിന്റെ ഭാഗമായി കളംമെഴുത്തും പാട്ടും ഈ ക്ഷേത്രത്തിൽ നടത്തി വരുന്നു. കളത്തിൽ ചുവടുകൾ വയ്ക്കും. ശ്രീ ഭദ്രകാളി ദേവിക്കും കരിംകാളി മൂർത്തി ദേവതകൾക്കും ക്ഷേത്ര ചൈതന്യ വർദ്ധനവിനും സർവ്വഐശ്വര്യത്തിനും വേണ്ടി കളംമെഴുത്തും പാട്ടും നടത്തി വരുന്നു. മറ്റൊരു പ്രധാന ആചാരമാണ് ഗുരുതി (ഗുരുസി). കൂടാതെ കുത്തിയോട്ടവും ചുവടുംപാട്ടും ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടി ഇവിടെ നടത്തി വരുന്നു. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം.

'സരസ്വതി, ലക്ഷ്മി, ദുർഗ്ഗ' തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ഇവിടെ ദേവിയെ ആരാധിക്കുന്നു. പ്രസിദ്ധമായ പൊങ്കാല വഴിപാടും, കുംഭമാസം വിശേഷ ആഘോഷങ്ങളാണ്. ജീവിത എഴുന്നെളളിപ്പ്, ആപ്പിണ്ടി വിളക്ക്,ചുറ്റു വിളക്ക് എന്നിവയാണ് മറ്റു പ്രധാന വഴിപാടുകൾ. ആപ്പിണ്ടി വിളക്ക് എടുക്കുന്ന ഭക്തൻമാർ വ്രതം നോക്കിയാണ് വിളക്ക് എടുക്കുന്നത് രാത്രിയിൽ ആണ് ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തും ഘോഷയാത്ര എഴുന്നെള്ളിപ്പും ക്ഷേത്രത്തിൽ നടത്തപ്പെടുന്നത്. തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് 'ജീവിത'. തകിടും സ്വർണാഭരണങ്ങളും പട്ടുംകൊണ്ട് അത് അലങ്കരിക്കും. ജീവിത ഒരു തണ്ടിൽ പിടിപ്പിക്കുന്ന പതിവുണ്ട്. അത് രണ്ട് ബ്രാഹ്മണർകൂടി എഴുന്നള്ളിച്ച് ആഘോഷപൂർവം ഭവനങ്ങളിലെല്ലാം കൊണ്ടുപോകും. നാട് ചുറ്റി പറയിൽ നെല്ലും അരിയും വച്ച് അവിടങ്ങളിൽ സ്വീകരിക്കും. തുടർന്ന് ആറാട്ട് കഴിഞ്ഞുതിരിച്ചു ക്ഷേത്രത്തിൽ തിരികെ എത്തിച്ചേരും.

മുള്ളുതറ ദേവി ക്ഷേത്രത്തിൽ നടത്തി വരുന്ന മറ്റൊരു ചടങ്ങാണ് പുള്ളുവൻ പാട്ട്. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം. കായികാഭ്യാസ പ്രധാനമായ പൂരക്കളിയിൽ മധ്യതിരുവിതാംകുർ, തുളുനാടൻ കളരി സമ്പ്രദായ നാഗക്കാവുകളിലും, നാഗ ക്ഷേത്രങ്ങളിലും നടത്തി വരുന്ന പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളൽ, പുള്ളുവൻ പാട്ട്,നാഗ പാട്ട്, സർപ്പപാട്ട് എല്ലാം തന്ന മുള്ളുതറ ദേവി ക്ഷേത്രത്തിൽ നടത്തി വരുന്നു. പൊങ്കാല,അന്നദാനം,കാളി പൂജ, ദേവി പൂജയും, ഭഗവതി സേവ, ശത്രുസംഹാരാർച്ചന, നൂറും പാലും നേദിക്കൽ, ഗണപതി ഹോമം, അർച്ചന തുടങ്ങിയവയെല്ലാം മുള്ളുതറ ദേവിക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.