കാലാവസ്ഥാ ഉച്ചകോടിയും ഇന്ത്യയുടെ നിലപാടും

Wednesday 17 November 2021 1:16 AM IST

ഇരുപത്തി ആറാമത് ലോക കാലാവസ്ഥാ ഉച്ചകോടി (സി ഒ പി 26) നവംബർ പതിമൂന്നിന് ഇംഗ്ലണ്ടിലെ ഗ്ലാസ്‌ഗോ നഗരത്തിൽ അവസാനിച്ചപ്പോൾ വ്യക്തമായ അഞ്ചു നിലപാടുകളുമായി ഇന്ത്യ നിലകൊണ്ടത് ഏറെ ശ്രദ്ധ നേടി. അക്ഷയ ഊർജ്ജ ഉല്പാദന ശേഷി 2030ഓടെ അഞ്ഞൂറ് ബില്യൺ കോടി വാട്ട്; 2030ഓടെ കറന്റ് ഉൽപാദനത്തിന്റെ അമ്പതു ശതമാനം അക്ഷയ ഊർജ സ്രോതസ്സുകളിൽ നിന്ന്; 2030ഓടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ അളവ് നൂറു കോടി ടൺ കണ്ട് കുറയ്ക്കും; കാർബൺ ഇന്റൻസിറ്റി 2005ൽ ഉണ്ടായിരുന്നതിന്റെ തോതിൽ നിന്നും 2030ൽ നാല്പത്തിയഞ്ചു ശതമാനമായി കുറയ്ക്കും; 2070ഓടെ രാജ്യം കാർബൺ ന്യൂട്രൽ ആയി മാറും എന്നീ അഞ്ച് പ്രധാന ഉറപ്പുകളാണ് ഇന്ത്യ ഈ ഉച്ചകോടിയിൽ നൽകിയത്.

ഇതിനായി ഒരു ട്രില്യൻ ഡോളറാണ് ഇന്ത്യ വികസിത രാജ്യങ്ങളിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറൻ രാജ്യങ്ങൾ 2050ൽ കാർബൺ ന്യൂട്രൽ ആകുമെന്ന് ഉറപ്പു നൽകിയപ്പോൾ ഇന്ത്യയും ഇത്തരമൊരു നിലപാടെടുക്കുമെന്ന് വിശ്വസിച്ചവർക്ക് ഇതൊരു അത്ഭുതമായിപ്പോയി. ഉച്ചകോടി തുടങ്ങുന്നതിനു മുമ്പ് ചൈന കാർബൺ ന്യൂട്രൽ ആകുന്ന വർഷം 2060 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പുറകെയായിരുന്നു ഉച്ചകോടിയിൽ ഇന്ത്യയുടെ പ്രഖ്യാപനം വന്നത്.

എന്താണ് കാർബൺ ന്യൂട്രൽ കൊണ്ട് അർത്ഥമാക്കുന്നതെന്നൊന്നു നോക്കാം. ഒരു രാജ്യം എത്രത്തോളം കാർബൺ തത്തുല്യ ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുവോ അത്രയും തന്നെ അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് ആ രാജ്യം കാർബൺ ന്യൂട്രൽ ആകുന്നത്. നമ്മുടെ രാജ്യം ഇന്ന് ഒരു വർഷം 280 കോടി ടൺ കാർബൺ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ടെങ്കിലത് 2030ൽ 450 കോടി ടൺ ആകുമെന്നാണ് കണക്കാക്കുന്നത്. 2030ൽ നൂറു കോടി ടൺ കുറയ്ക്കുമെന്ന വാഗ്ദാനം ഇരുപതു ശതമാനം ആണെന്നത് പല വികസിത രാജ്യങ്ങളുടെയും ലക്ഷ്യത്തിന്റെ അടുത്താണെന്നു കാണാം. ഇതിനായി 2030ഓടെ റെയിൽവേ പൂർണമായും കാർബൺ ന്യൂട്രൽ ആക്കി അറുപതു കോടി ടണ്ണും എൽ ഇ ഡി ബൾബുകൾ പൂർണമായും പ്രചാരത്തിലാക്കി നാൽപതു കോടി ടണ്ണും കുറയ്ക്കാനാണ് രാജ്യം ലക്ഷ്യമിട്ടിരിക്കുന്നത്.

വനനശീകരണം 2030ഓടെ ഇല്ലാതാക്കുമെന്ന നൂറ്റിപ്പത്തു രാജ്യങ്ങളുടെ പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്. വനങ്ങളുടെയും മരങ്ങളുടെയും വ്യാപ്തിയുടെ കാര്യത്തിൽ രാജ്യം ഇപ്പോഴും വഴുതി മാറുന്നതായാണ് കാണാൻ സാധിക്കുന്നത്. അതേപോലെ ആഗോള മീഥേൻ പ്രഖ്യാപനത്തിലും നമ്മുടെ രാജ്യം പങ്കാളി ആയിട്ടില്ല. കാർബണിനെക്കാളും ഇരുപത്തിയഞ്ചിരട്ടി താപം ആഗീരണം ചെയ്യാൻ കഴിവുള്ള മീഥേൻ പുറന്തള്ളൽ 2030ഓടെ 2020ൽ ഉണ്ടായിരുന്നതിന്റെ മുപ്പതു ശതമാനം കണ്ട് കുറയ്ക്കാനാണ് നൂറോളം രാജ്യങ്ങൾ സമ്മതിച്ചിരിക്കുന്നത്. ഗ്ലാസ്‌ഗോ ക്ലൈമറ്റ് ഉടമ്പടിയിലെ ഒരു പുതിയ കാര്യം കൽക്കരി ഉപഭോഗത്തിൽ കുറവുണ്ടാക്കാനുള്ള തീരുമാനമാണ്. 2030ഓടെ വികസിത രാജ്യങ്ങളിലും 2040ഓടെ മറ്റു രാജ്യങ്ങളിലും കൽക്കരി ഉപയോഗം ഇല്ലാതാക്കാനുള്ള ഈ ഉടമ്പടിയിലും ഇന്ത്യ ഒപ്പിട്ടില്ല.

മനുഷ്യ നിലനിൽപ്പിനു തന്നെ ഭീഷണി ആയി മാറുന്ന കാലാവസ്ഥാ വ്യതിയാനം നിയന്ത്രണ വിധേയമാക്കാൻ 197 രാജ്യങ്ങൾ എടുത്ത തീരുമാനങ്ങൾ എത്ര മാത്രം നടപ്പിലാക്കാൻ പോകുന്നുവെന്നുള്ളതാണ് മുഖ്യം. 2015ലെ പാരീസ് ഉടമ്പടി പോലെ ലക്ഷ്യത്തിലെത്താതെ പോകുന്ന ഒന്നായി ഗ്ലാസ്‌ഗോ ഉടമ്പടി മാറില്ലെന്ന ശുഭ പ്രതീക്ഷ മാത്രമാണ് ഇപ്പോൾ ലോകത്തിനു മുന്നിലുള്ളത്.

( സി ടി സി ആർ ഐയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റാണ് ലേഖകൻ,ഫോൺ : 8547441067)