ബലാത്സംഗത്തിന് 72 മണിക്കൂറിന് ശേഷം കേസ് രജിസ്റ്റർ ചെയ്യരുതെന്ന് പരാമർശം വനിതാ ജഡ്ജിയെ നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി

Wednesday 17 November 2021 2:45 AM IST

ധാക്ക: ബലാത്സംഗക്കേസ് സംബന്ധിച്ച് വിവാദ പരാമർശം നടത്തിയ വനിതാ ജഡ്ജിയെ ചുമതലകളിൽ നിന്ന് നീക്കി ബംഗ്ലാദേശ് സുപ്രീംകോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം ലഭിക്കുന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് പൊലീസിന് നിർദ്ദേശം നല്കിയ ജഡ്ജി ബീഗം മൊസാമ്മത് കമ്രുന്നഹർ നാഹറിനെതിരെയാണ് നടപടി. ധാക്കയിലെ വനിതാശിശു സംരക്ഷണ ട്രൈബ്യൂണലിനെ ജഡ്ജിയാണ് കമ്രുന്നഹർ. 2017ൽ ധാക്കയിലെ ഹോട്ടലിൽ രണ്ട് വിദ്യാർഥിനികളെ അഞ്ച് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ വേളയിലായിരുന്നു ജഡ്ജിയുടെ വിവാദ പരാമർശം. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പെൺകുട്ടികൾ പരാതി നൽകിയത്. പരാതി നല്കാൻ ഇത്രയും താമസിച്ചതിന് കാരണം വിദ്യാർഥിനികൾ പ്രതികളുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണെന്ന് ജ‌ഡ്ജി നിരീക്ഷിച്ചിരുന്നു. കേസിൽ തെളിവുകളുടെ അഭാവത്തിൽ കുറ്റാരോപിതരെ വെറുതെ വിട്ട ജഡ്ജി ,​ പൊലീസ് പൊതുജനത്തിന്റെ സമയം നഷ്ടപ്പെടുത്തുകയാണെന്നും കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യരുതെന്നും നിർദ്ദേശിച്ചു. എന്നാൽ ഈ വിവാദ പരാമർശത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതോടെ സുപ്രീം കോടതി വിഷയത്തിലിടപെടുകയും മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം ജഡ്ജിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയുമായിരുന്നു. 72 മണിക്കൂറിന് ശേഷം പീഡനക്കേസ് രജിസ്റ്റർ ചെയ്യരുതെന്ന നിരീക്ഷണം ഭരണഘടന ഉറപ്പു വരുത്തുന്ന അവകാശങ്ങൾക്കെതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വനിതാ ജഡ്ജിയുടെ നിരീക്ഷണം സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്നും അതിനാലാണ് ജഡ്ജിക്കെതിരെ നടപടിയെടുക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.സംഭവത്തിൽ വനിതാ ജഡ്ജിയോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
Advertisement