മാജിക് പ്ളാനറ്റിൽ ഭിന്നശേഷി കുട്ടികളുടെ റോക്ക് ആൻഡ് റോൾ ഗായകസംഘവും
Wednesday 17 November 2021 3:15 AM IST
തിരുവനന്തപുരം: മാജിക് പ്ളാനറ്റിൽ ഭിന്നശേഷി കുട്ടികളുടെ റോക്ക് ആൻഡ് റോൾ ഗായക സംഘത്തിന് തുടക്കമായി. ഗായകൻ എം.ജി. ശ്രീകുമാറും ഭാര്യ ലേഖയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കുട്ടികൾക്ക് ലഭിച്ച സൗഭാഗ്യമാണ് ഡിഫറന്റ് ആർട്ട് സെന്ററെന്ന് ശ്രീകുമാർ പറഞ്ഞു. മുതുകാടിന്റെ യഥാർത്ഥ ഇന്ദ്രജാലം നടക്കുന്നത് ഇവിടെയാണെന്നും ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ കൊണ്ട് തീർത്ത മായാലോകമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓട്ടിസം ബാധിച്ച അമൽ അജയകുമാർ പാട്ടുപാടിയാണ് എം.ജി ശ്രീകുമാറിനെ വരവേറ്റത്. ശ്രീകുമാർ പാടിയ മറ്റ് ഗാനങ്ങളും കുട്ടികൾ ആലപിച്ചു. എം.ജി. ശ്രീകുമാറും പാട്ടുകൾ പാടി. മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ ജിൻ ജോസഫ് എന്നിവർ പങ്കെടുത്തു.