ഉദ്ഘാടനത്തിലൊതുങ്ങി കടയ്ക്കാവൂർ ആയുർവേദ ആശുപത്രി വെള്ളവും വെളിച്ചവുമില്ലാതെ കെട്ടിടം

Thursday 18 November 2021 12:43 AM IST

അഞ്ചുതെങ്ങ്: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദാശുപത്രിക്കായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം നടത്തിയത് കെട്ടിടത്തിലേക്ക് വെളിച്ചവും വെള്ളവും എത്തിക്കാതെ. അതുകൊണ്ടുതന്നെ കെട്ടിടം രോഗികൾക്ക് പ്രയോജനമില്ലാതെ പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ വി. ശശി എം.എൽ.എയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

നിലവിൽ ഈ മന്ദിരം കാടുകയറി നശിക്കുകയാണ്. ആളനക്കമില്ലാതെ കിടക്കുന്ന ഇവിടം ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണെന്നും പരാതിയുണ്ട്.

വാഹനസൗകര്യമുള്ള വഴി പോലും പുതിയ ആശുപത്രി കെട്ടിടത്തിലേക്കില്ല. പുതുതായി നിർമ്മിച്ച കെട്ടിടത്തിന് 20 മീറ്റർ അകലെയാണ് നിലവിലെ ആയുർവേദ ആശുപത്രി. വെള്ളക്കെട്ടും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് പഴയ കെട്ടിടത്തിന്റെ പ്രവർത്തനം. ഒപ്പം നിരവധി ആളുകൾ ചികിത്സയ്ക്ക് എത്തുന്നതിനാൽ അതനുസരിച്ച് കിടക്കകളുടെ എണ്ണം തികയാറില്ല. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നിലവിൽ ചികിത്സയ്ക്കെത്തുന്ന രോഗികളെ കിടത്താൻ സൗകര്യം ഇല്ലാത്തതിനാൽ വീടുകളിലേക്ക് തിരിച്ചയയ്ക്കുകയാണ് പതിവ്.

കെട്ടിടം ഉദ്ഘാടനം നടത്തിയത്..... മാർച്ചിൽ

പുതിയ കെട്ടിടത്തിലെ കിടക്കകളുടെ എണ്ണം ......... 20

പ്രധാന പരാതി ........... ആശുപത്രിയിലേക്കെത്താൻ വഴിയില്ല

പൂട്ടിക്കിടക്കാൻ കാരണം ............. വെള്ളവും വൈദ്യുതിയും ഇല്ല

 കെട്ടിടം തയ്യാർ... എന്നിട്ടും

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് ചാവടിമുക്കിൽ പട്ടികജാതി കുടുംബങ്ങൾക്ക് പകൽവീട് നിർമ്മിക്കാനും സ്വന്തമായി ഭൂമിയില്ലാത്തവർക്കുമായി വാങ്ങിയ 43 സെന്റ് വസ്തുവിൽ 10 സെന്റിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ഒന്നരവർഷം മുൻപ് കഴിഞ്ഞ ഭരണസമിതി തീരദേശ വികസന ഫണ്ടിൽ നിന്ന് ഒരുകോടി ചെലവാക്കി കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. ആശുപത്രിയിൽ 20 കിടക്കകളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ കെട്ടിടത്തിലേക്ക് കയറാൻ സ്വന്തമായി വഴിയില്ല. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്കാണ് ആയുർവേദ ആശുപത്രിയുടെ പ്രധാനകവാടം. എന്നാൽ ആശുപത്രിയിലേക്ക് രോഗികൾക്ക് എത്തണമെങ്കിൽ സ്വകാര്യ വ്യക്തി കനിയണം.

 ആവശ്യം ശക്തം

നല്ലൊരു മഴപെയ്താൽ പുതിയ കെട്ടിടത്തിന് ചുറ്റും വെള്ളം കെട്ടിനിൽക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുതിയ മന്ദിരത്തിന്റെ ചുറ്റും വൃത്തിയാക്കി ആശുപത്രിയിലേക്കുള്ള വഴി ഒരുക്കി എത്രയുംവേഗം പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 വെള്ളവും വെളിച്ചവും ലഭ്യമായാൽ നിലവിൽ ഡി.സി.സിയായി പ്രവർത്തിക്കുന്ന കടയ്ക്കാവൂർ എസ്.എൻ.വി.ജി.എച്ച്.എസ്.എസിലെ പ്രവർത്തനം ഇവിടേക്ക് മാറ്റാൻ കഴിയും

ബീനാ രാജീവ്, വാർഡ് മെമ്പർ

കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള വഴി സൗകര്യം ലഭ്യമാക്കുന്നതിനായി സമീപത്തെ വസ്തു ഉടമകളുമായി ചർച്ച നടത്തുന്നുണ്ട്.

ഷീല

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്